മാര്‍ക്ക് ദാനം: മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫയല്‍ അദാലത്തില്‍ പങ്കെടുത്തതും മോഡറേഷന് പുറമെ മാര്‍ക്ക് നല്‍കാന്‍ ഇടത്പക്ഷത്തിന് മുന്‍തൂക്കമുള്ള സിന്‍ഡിക്കേറ്റ് തീരുമാനിച്ചതും അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

Update: 2019-10-14 07:45 GMT

തിരുവനന്തപുരം: എം.ജി സര്‍വകലാശാലയില്‍ ബിടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ദാനം നടത്തുന്നതില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലും പേഴ്‌സണല്‍ സ്റ്റാഫും വഴിവിട്ട് ഇടപെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി കാണിച്ച മന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്നാൽ, ചെന്നിത്തല പറയുന്നത് പച്ചക്കള്ളമാണെന്നും ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയംകൊണ്ടാണ് ഇത്തരം ആരോപണങ്ങളെന്നും കെ.ടി ജലീല്‍ പറഞ്ഞു.

കോതമംഗലത്തെ സ്വാശ്രയ കോളജിലെ ബിടെക്ക് വിദ്യാര്‍ഥിനി നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനത്തിന് ഗ്രേസ്മാര്‍ക്ക് ആവശ്യപ്പെട്ട് അപേക്ഷ നല്‍കുന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. നേരത്തെ ഗ്രേസ്മാര്‍ക്ക് നല്‍കിയതിനാല്‍ സര്‍വകലാശാല അപേക്ഷ തള്ളി. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദ്ദീന്‍ പങ്കെടുത്ത ഫയല്‍ അദാലത്തില്‍വെച്ച് വിദ്യാര്‍ഥിനിക്ക് ഒരുമാര്‍ക്ക് കൂട്ടിനല്‍കാന്‍ തീരുമാനമെടുത്തു. ഇതിനെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തതോടെ ഔട്ട്ഓഫ് അജന്‍ഡയായി സിന്‍ഡിക്കേറ്റില്‍ കൊണ്ടുവരികയായിരുന്നു.

ഇത് മറയാക്കി ഏതെങ്കിലും സെമസ്റ്ററില്‍, ഏതെങ്കിലും വിഷയത്തിന് തോറ്റ എല്ലാ വിദ്യാര്‍ഥികള്‍ക്കും നിലവിലെ മോഡറേഷന് പുറമെ അഞ്ച് മാര്‍ക്ക് വീതം നല്‍കാമെന്ന വിചിത്രമായ തീരുമാനമാണ് സിന്‍ഡിക്കേറ്റ് കൈക്കൊണ്ടത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫയല്‍ അദാലത്തില്‍ പങ്കെടുത്തതും മോഡറേഷന് പുറമെ മാര്‍ക്ക് നല്‍കാന്‍ ഇടത്പക്ഷത്തിന് മുന്‍തൂക്കമുള്ള സിന്‍ഡിക്കേറ്റ് തീരുമാനിച്ചതും അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

Tags:    

Similar News