പിആര്‍ ഏജന്‍സിയെ വച്ച് സർക്കാരിൻ്റെ മുഖം മിനുക്കാനാകില്ല: ചെന്നിത്തല

കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും നടത്തുകയാണ്. ജനജീവിതത്തെ കൂടുതല്‍ ദുസഹമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

Update: 2020-05-25 08:15 GMT

തിരുവനന്തപുരം: എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും നടത്തുകയാണ്. ജനജീവിതത്തെ കൂടുതല്‍ ദുസഹമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്നവര്‍ ജനങ്ങളെ ശരിയാക്കുന്നതാണ് ഇപ്പോള്‍ കാണാനാകുന്നത്. കോടികള്‍ മുടക്കി പിആര്‍ ഏജന്‍സികളെക്കൊണ്ട് മുഖം മിനുക്കാന്‍ ശ്രമിച്ചാലും അതൊന്നും വിലപ്പോവില്ല. കൊവിഡിന് ശേഷം പട്ടിണിയിലായ ജനങ്ങള്‍ക്ക് 5000 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അത് ചെവിക്കൊള്ളാന്‍ തയാറായില്ല. പകരം ബസ് ചാര്‍ജും കറണ്ട് ബില്ലും ഉള്‍പ്പെടെ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നവകേരളം സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് രണ്ടുവര്‍ഷമായി. നവകേരളത്തിനായുള്ള പ്രതിജ്ഞ പുതുക്കാമെന്നാണ് സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത്. ശേഷിക്കുന്ന ഒരു വര്‍ഷവും പ്രതിജ്ഞ പുതുക്കള്‍ മാത്രമായിരിക്കും നടക്കുന്നത്. നവേകേരളത്തിനായുള്ള ഒരു പദ്ധതിപോലും നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല-പ്രതിപക്ഷ നേതാവ് പറഞ്ഞു.

എല്ലാ രംഗത്തും സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. .തിരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റി എന്നുപറയുന്നത് അവകാശവാദം മാത്രമാണ്. ദുരന്ത സമയങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് സഹകരിച്ചു. എന്നാല്‍ ക്രമക്കേട് കണ്ടപ്പോള്‍ അത് ചൂണ്ടിക്കാണിച്ചു.കൊവിഡിന്റെ മറവില്‍ അഴിമതി മൂടിവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ആരോഗ്യമേഖലയിലടക്കം ഉണ്ടായ നേട്ടങ്ങള്‍ ഒരു സര്‍ക്കാരിന്റേത് മാത്രമാക്കി. ഇത് ബോധപൂര്‍വമായ ശ്രമമാണ്. ധൂര്‍ത്തും സ്വജനപക്ഷപാതവുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. റിബില്‍ഡ് കേരള മല എലിയെ പ്രസവിച്ച പോലെയാണ്. ഏത് സര്‍ക്കാരും നടപ്പാക്കുന്ന പദ്ധതികള്‍ മാത്രമേ ഈ സര്‍ക്കാരും ചെയ്തിട്ടുള്ളൂ. പുതിയ ഒരു പദ്ധതിയും ഇല്ല. പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശരിയായി ഉപയോഗിക്കുന്നില്ല. 2000 കോടി രൂപ ഇപ്പോഴും കെട്ടിക്കിടക്കുന്നു. ലോകബാങ്ക് സഹായം പോലും സര്‍ക്കാര്‍ വകമാറ്റി ചെലവാക്കി. 2000 കോടിയുടെ തീരദേശ പാക്കേജില്‍ നിന്നും ഒരു രൂപ പോലും ചെലവാക്കിയില്ലെന്നും ചെന്നിത്തല ആരോപിച്ചു. 

Tags: