ആഭ്യന്തര വിപണിയിൽ മികച്ച വിൽപ്പന; പ്രതീക്ഷയോടെ റമ്പൂട്ടാൻ കർഷകർ
മാംഗോസ്റ്റിൻ, പുലാസാൻ, അവക്കാഡോ, ലോങ്ങൻ തുടങ്ങിയ പഴങ്ങളും നാട്ടിൻപുറങ്ങളിലെ തോട്ടങ്ങളിൽ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്.
തിരുവനന്തപുരം: ലോക്ക്ഡൗൺ കാർഷിക മേഖലയേയും പ്രതികൂലമായി ബാധിച്ചെങ്കിലും പ്രതീക്ഷയുമായി റമ്പൂട്ടാൻ കർഷകർ. റബ്ബർ ഉൾപ്പെടെയുള്ള മറ്റു വിളകൾക്ക് വിലയിടിഞ്ഞതോടെ കർഷകർ ദുരിതത്തിലായിരുന്നു. കേരളത്തിലെ തോട്ടങ്ങളിൽ നിന്നും വ്യാപകമായി പഴവർഗ്ഗങ്ങൾ ശേഖരിച്ചിരുന്ന തമിഴ്നാട്ടിലെ മൊത്തവ്യാപാരികൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം എത്താതിരുന്നത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആഭ്യന്തര വിപണിയിലെ മികച്ച വില്പനയാണ് റമ്പൂട്ടാന് ഇപ്പോഴുള്ളത്. ഇതാണ് കർഷകർക്ക് പ്രതിക്ഷക്ക് വക നൽകുന്നത്.
കിലോയ്ക്ക് 180 മുതൽ 250 രൂപ വരെയാണ് വിപണി വില. തോട്ടങ്ങളിൽ മൊത്തമായി 120 രൂപ മുതൽ വില്പന നടന്നുവരുന്നുണ്ട്. ഏഴ് വർഷത്തോളം പ്രായമായ റമ്പൂട്ടാൻ മരങ്ങളിൽ നിന്ന് 30,000 രൂപയോളം ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. മാംഗോസ്റ്റിൻ, പുലാസാൻ, അവക്കാഡോ, ലോങ്ങൻ തുടങ്ങിയ പഴങ്ങളും നാട്ടിൻപുറങ്ങളിലെ തോട്ടങ്ങളിൽ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. മാംഗോസ്റ്റിൻ, പുലാസാൻ തുടങ്ങിയ പഴങ്ങൾക്കും വിപണിയിൽ കിലോയ്ക്ക് 200 രൂപക്ക് മുകളിൽ വിലയുണ്ട്. കിളികൾ, കുരങ്ങുകൾ, വവ്വാൽ എന്നിവയുടെ ശല്യം കർഷകരെ വലയ്ക്കുന്നുണ്ട്. ഇവയിൽ നിന്ന് രക്ഷനേടാൻ വലിയ വല ഉപയോഗിച്ച് മരങ്ങൾ മൂടിയാണ് പഴങ്ങൾ സംരക്ഷിക്കുന്നത്.