രാഖി കൃഷ്ണയുടെ ആത്മഹത്യ: നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങും; കേസ് അസ്വാഭാവിക മരണത്തിന് മാത്രം

പരീക്ഷാ ചുമതലയുണ്ടായിരുന്ന ആറ് അധ്യാപകരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ കോളജ് തലത്തിലുണ്ടായ അച്ചടക്ക നടപടിയുടെ പേരില്‍ മാത്രം ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും അന്വേഷണം തുടരും.

Update: 2018-12-04 09:12 GMT

കൊല്ലം: ഫാത്തിമ മാതാ കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ട്രെയിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മാത്രമേ പൊലീസ് കേസെടുക്കൂ. ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. പരീക്ഷാ ചുമതലയുണ്ടായിരുന്ന ആറ് അധ്യാപകരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ കോളജ് തലത്തിലുണ്ടായ അച്ചടക്ക നടപടിയുടെ പേരില്‍ മാത്രം ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും അന്വേഷണം തുടരും.

കോപ്പിയടിക്ക് പിടിക്കപ്പെട്ടാല്‍ ഫോട്ടോ എടുക്കാന്‍ യൂനിവേഴ്‌സിറ്റി ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ വൈകിട്ട് ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമായിരുന്നു നടപടി. പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ അദ്ധ്യാപകരായ നിഷ തോമസ്, ലില്ലി, സജിമോന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. മണിക്കൂറുകള്‍ക്കകം ചീഫ് പരീക്ഷാ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍, പരീക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് അദ്ധ്യാപകര്‍, സ്വാശ്രയ വിഭാഗത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ എന്നിവരെ ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്തതായി മാനേജരും അറിയിച്ചു.

എന്നാല്‍ മാനേജരുടെ അറിയിപ്പില്‍ നിന്ന് അദ്ധ്യാപകരുടെ പേരുകള്‍ ഒഴിവാക്കി. പരീക്ഷാ ചുമതലകളിലെ പദവികള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. അതേസമയം അധ്യാപകര്‍ക്കെതിരായ നടപടി പ്രഖ്യാപനം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തണുപ്പിക്കാനുള്ള നാടകമാണെന്ന ആക്ഷേപവും ശക്തമാണ്. അധ്യാപകരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടിനെതിരെ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള കമ്മിഷനംഗങ്ങള്‍ നിലപാടെടുത്തതായാണ് വിവരം.


Tags:    

Similar News