എറോസ്പേസ് മേഖലയിലെ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ

മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Update: 2019-08-29 13:40 GMT

തിരുവനന്തപുരം: കേരള സ്പേസ് പാര്‍ക്കില്‍, ഏറോസ്പേസ്-സ്പേസ് മേഖലകളില്‍ വരാന്‍ പോകുന്ന സംരംഭങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയില്‍ 22 ഏക്കര്‍ സ്ഥലത്ത് തുടങ്ങാന്‍ തീരുമാനിച്ച കേരള സ്പേസ് പാര്‍ക്കിനെ സംബന്ധിച്ചാണ് പ്രധാനമായും ഇരുവരും സംസാരിച്ചത്. ബഹിരാകാശ എറോസ്പേസ് മേഖലക്ക് വരും കാലങ്ങളില്‍ വലിയ സാധ്യതയുള്ളതിനാല്‍ ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തില്‍ വലിയ മനുഷ്യശക്തിയുള്ള കേരളത്തിന് ഇത് ഉപയോഗപ്പെടുത്താനാകുമെന്ന് രാകേഷ് ശര്‍മ്മ പറഞ്ഞു.

ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും പ്രധാന സ്ഥാപനങ്ങളായ വി.എസ്.എസ്.സി, എല്‍.പി.എസ്.സി, ഐ.ഐ.എസ്.യു, ഐ.ഐ.എസ്.ടി എന്നിവ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ് എന്നതും കേരള സ്പേസ് പാര്‍ക്കിന്‍റെ വികസനത്തിന് സഹായകമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.  

ഏറോസ്പേസിനാവശ്യമായ സങ്കീര്‍ണമായ പല ഉപകരണങ്ങളും ഘടകങ്ങളും താരതമ്യേന കുറഞ്ഞ ചെലവില്‍ ഇവിടെ ഉത്പാദിപ്പിക്കാനായാല്‍ കയറ്റുമതി സാധ്യതയും ഉണ്ടാകും. ലോകോത്തര ഗുണമേൻമ നിലനിര്‍ത്തുന്ന ഉപകരണങ്ങളിലൂടെ ഏറോസ്പേസ് മാര്‍ക്കറ്റില്‍ മത്സരിക്കാനുമാകും. ഈ മേഖലയിലേക്ക് സംരംഭകരെ ആകര്‍ഷിക്കുക വഴി അഭ്യസ്തവിദ്യരായ നിരവധിപേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ ധാരണാപത്രം ഐ.എസ്.ആര്‍.ഒയുമായി സര്‍ക്കാര്‍ ഒപ്പിട്ടുകഴിഞ്ഞു.

ബഹിരാകാശ യാത്രയ്ക്കിടെ എട്ടു ദിവസം സ്പേസില്‍ കഴിഞ്ഞപ്പോഴുണ്ടായ രസകരമായ അനുഭവങ്ങള്‍ മുഖ്യമന്തിയുമായി രാകേഷ് ശര്‍മ്മ പങ്ക് വെച്ചു. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം.സി. ദത്തന്‍, സെക്രട്ടറി എം. ശിവശങ്കര്‍, സ്പേസ് പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ്, വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥ്, വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി  (ഐ.ഐ.എസ്.ടി) ഡയറക്ടര്‍ ഡോ. വി.കെ. ദത്ത് വാള്‍, ഐ.ടി. മിഷന്‍ ഡയറക്ടര്‍ ഡോ. എസ്. ചിത്ര, കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡി ജയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: