രാജമല ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം 27 ആയി

അരുണ്‍ മഹേശ്വറി (34) ന്റെ മൃതദേഹമാണ് രാവിലെ കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 27 ആയി ഉയര്‍ന്നു. ഇനിയും 43 പേരെ കണ്ടെത്താനുണ്ട്. മൂന്നാംദിനം സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Update: 2020-08-09 05:09 GMT

ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. അരുണ്‍ മഹേശ്വറി (34) ന്റെ മൃതദേഹമാണ് രാവിലെ കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 27 ആയി ഉയര്‍ന്നു. ഇനിയും 43 പേരെ കണ്ടെത്താനുണ്ട്. മൂന്നാംദിനം സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തൃശൂരില്‍നിന്ന് ബല്‍ജിയന്‍ മലിനോയിസ്, ലാബ്രഡോര്‍ എന്നീ ഇനത്തില്‍പെട്ട നായ്ക്കളെ ഇതിനായി ഇടുക്കിയിലെത്തിച്ചിട്ടുണ്ട്.

മണ്ണിനടിയില്‍നിന്ന് മൃതദേഹങ്ങള്‍ മണം പിടിച്ച് കണ്ടെത്താന്‍ കഴിവുള്ള നായ്ക്കളാണിവ. കനത്ത മഴയായതിനാല്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും ദുഷ്‌കരംതന്നെയാണ്. പ്രതികൂലകാലാവസ്ഥയെ അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ഇന്ന് മന്ത്രി കെ രാജു പെട്ടിമുടി സന്ദര്‍ശിക്കും. മൂന്നാം ദിനത്തില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് തിരച്ചില്‍ നടന്നുവരുന്നത്. ഫയര്‍ഫോഴ്‌സും, ദുരന്തനിവാരണസേനയും പോലിസും വിവിധ സംഘങ്ങളായാണ് കാണാതായവര്‍ക്കുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്.

കഴിഞ്ഞ രണ്ടുദിവസങ്ങളായി കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ പെട്ടിമുടിയില്‍തന്നെ ഇന്നലെ സംസ്‌കരിച്ചിരുന്നു. ലയങ്ങള്‍ നിന്നിരുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ മണ്ണുനീക്കിയും മണ്ണിടിച്ചിലില്‍ ഒഴുകിയെത്തിച്ച വലിയപാറകള്‍ നീക്കംചെയ്തുമാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. സമീപത്തുകൂടി ഒഴുകുന്ന പുഴയിലൂടെ ആളുകള്‍ ഒഴുകിപ്പോവുന്നതിനുള്ള സാധ്യതകളും കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു. ഈ സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള പരിശോധനങ്ങള്‍ ഇന്നും തുടരും. പോലിസ്‌നായ കണ്ടെത്തിയ സ്ഥലങ്ങളില്‍കൂടി ഇന്ന് തിരച്ചില്‍ നടത്താനാണ് തീരുമാനം.

രക്ഷാദൗത്യത്തില്‍ സഹായിക്കാന്‍ തിരുവനന്തപുരത്തനിന്നുള്ള അഗ്‌നിശമനസേനയുടെ അമ്പതംഗസംഘവും എത്തിയിട്ടുണ്ട്. ജനപ്രതിനിധികളും മന്ത്രിമാരും ഇന്നും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രദേശത്ത് ഇടവിട്ട് മഴപെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ പെട്ടിമുടയില്‍ സന്ദര്‍ശനം നടത്തരുതെന്ന് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശവുമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കും.  

Tags:    

Similar News