ബിനീഷ് കോടിയേരിയുടെ കുടുംബത്തിൻ്റെ പരാതി; വിശദീകരണം തേടി ഇഡിക്ക് പോലിസ് ഇമെയിൽ അയച്ചു

റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പൂജപ്പുര സിഐ തടഞ്ഞുനിർത്തി വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇഡി ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് പൂജപ്പുര പോലിസ് മെയിൽ അയച്ചിരിക്കുന്നത്.

Update: 2020-11-05 10:30 GMT

തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശദീകരണം തേടി ഇഡിക്ക് കേരള പോലിസ് ഇമെയിൽ അയച്ചു. ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന ഇഡിയുടെ റെയ്ഡിൽ ബിനീഷ് കോടിയേരിയുടെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചുവെന്ന പരാതിയാണ് പൂജപ്പുര പോലിസിന് ലഭിച്ചത്. പരിശോധനയ്ക്കായി വന്ന ഉദ്യോഗസ്ഥരുടെ മുഴുവൻ വിശദാംശങ്ങളും പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ വന്ന് മൊഴിനൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ പരാതിയിൽ പോലീസ് നേരിട്ടാവശ്യപ്പെട്ടിട്ടും വിശദീകരണം നൽകാൻ ഇഡി തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെയിൽ അയച്ചിരിക്കുന്നത്. വീട്ടിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുമ്പോൾ പോലിസ് നോട്ടീസ് മുഖാന്തരം പരാതിയെ കുറിച്ച് ഇഡിയെ അറിയിച്ചിരുന്നു. റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പൂജപ്പുര സിഐ തടഞ്ഞുനിർത്തി വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇഡി ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് പൂജപ്പുര പോലിസ് മെയിൽ അയച്ചിരിക്കുന്നത്. 

ഇതുകൂടാതെ ബിനീഷ് കോടിയേരിയുടെ ഭാര്യാപിതാവ് എൻഫോഴ്സ്മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് ഇമെയിൽ മുഖാന്തരം പരാതി അയച്ചിട്ടുണ്ട്. ആ പരാതിയിൽ പറയുന്നത് മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇഡി ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവെച്ച് മാനസികമായി പീഡിപ്പിച്ചുവെന്നാണ്. വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റ് കാണിക്കുകയും അത് സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തി ഒപ്പുനൽകാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും അത് നിരസിച്ചപ്പോൾ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചെന്നും പരാതിയിൽ പറയുന്നു. തന്നെ രാത്രിയോടെ വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

Tags:    

Similar News