ആദ്യ കേസില്‍ രാഹുലിന്റെ ജാമ്യ ഹരജി വിധി പറയാന്‍ മാറ്റി; ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് നിരീക്ഷിച്ച് ഹൈക്കോടതി
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ചുമത്തിയ ആദ്യ ബലാല്‍സംഗ കേസില്‍ നടന്നത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. പരാതിയില്‍ പറയുന്ന സംഭവത്തിന് ശേഷവും യുവതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയ പാലക്കാട്ടേക്ക് പോയതായി കാണുന്നെന്നും വാട്‌സാപ്പ് ചാറ്റുകളടക്കം പരിശോധിച്ച കോടതി യുവതിയുടെ എഫ്‌ഐആര്‍ സ്റ്റേറ്റ്‌മെന്റ് വായിച്ച ശേഷമാണ് പരാതിക്കാരിക്കെതിരെ പരാമര്‍ശം നടത്തിയത്. യുവതി മൊഴിയില്‍ പറയുന്ന സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ ആകില്ലെന്ന് കോടതി വിലയിരുത്തി. വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായും ധാര്‍മികമായും തെറ്റല്ല എന്നതിനാല്‍ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചു.
എന്നാല്‍ നഗ്‌ന ദൃശ്യങ്ങള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് കോടതി പറഞ്ഞു. സ്റ്റോക്ക് ഹോം സിന്‍ഡ്രോം അവസ്ഥയിലെത്തിച്ച് യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുംവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഹരജി വിധി പറയാനായി മാറ്റി.
