രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ഹരജി വ്യാഴാഴ്ചത്തേക്ക് മാറ്റി; പോലിസിനോട് വിശദമായ റിപോര്‍ട്ട് നല്‍കാന്‍ കോടതി

Update: 2026-01-20 08:19 GMT

പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി മറ്റന്നാള്‍ വിശദമായ വാദം കേള്‍ക്കും. ഇന്ന് അപേക്ഷ പരിഗണിച്ച കോടതി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് വിശദമായ റിപോര്‍ട്ട് തേടിയിട്ടുണ്ട്. രാവിലെ 11.45ന് കേസ് പരിഗണിച്ച കോടതി അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് ആവശ്യപ്പെടുകയും തുടര്‍വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയുമായിരുന്നു.

രാഹുലിനെതിരെ മൂന്നാമതായി രജിസ്റ്റര്‍ ചെയ്ത ലൈംഗിക ആരോപണ കേസുമായി ബന്ധപ്പെട്ട രണ്ടാംഘട്ട നിയമനടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതിഭാഗം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രാഹുലിന്റെ ജാമ്യഹരജിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി മാറ്റിയത്. ഈ മാസം 22ന് കോടതിയില്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം നടക്കും.രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാര്‍ കോടതിയില്‍ ഹാജരാകും.