രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണത്തിനെത്തും
മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. പത്തനംതിട്ടയിലും കോട്ടയത്തും നടക്കുന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം രാഹുല്‍ ഉദ്ഘാടനം ചെയ്യും. ശേഷം കോട്ടയം ജില്ലയിലും പ്രചരണത്തിനെത്തും.
ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആദ്യം എത്തുന്നത്. തുടര്‍ന്ന് കോട്ടയം മണ്ഡലത്തിലും ഏറ്റുമാനൂര്‍ മണ്ഡലത്തിലും രാഹുല്‍ ഗാന്ധിയെത്തും. രാഹുല്‍ ഗാന്ധി എത്തുന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ പത്തനംതിട്ടയിലെ പരിപാടികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുക. രാവിലെ 11.30ന് അടൂരില്‍ റോഡ് ഷോ നടത്തും. 12.15ന് അടൂരില്‍ തന്നെ നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി സി വി ശാന്തകുമാറിനായി രാഹുല്‍ ഗാന്ധി വോട്ടഭ്യര്‍ത്ഥിക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് പത്തനംതിട്ടയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. പത്തനംതിട്ടയിലെ ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായാണ് രാഹുല്‍ ഗാന്ധി വോട്ട് അഭ്യര്‍ത്ഥിക്കുക.
റാന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ശേഷം ഹെലികോപ്റ്ററില്‍ 2.45ന് പാമ്പാടി ആര്‍ഐടി എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടിലെത്തും. റോഡ് മാര്‍ഗം മൂന്നിന് പൊതുസമ്മേളനം നടക്കുന്ന പാമ്പാടി ബസ് സ്റ്റാന്‍ഡ് മൈതാനിയിലെത്തും. പുതുപ്പളളി മണ്ഡലത്തിലെ പ്രചാരണ പരിപാടിയാണ് പാമ്പാടിയിലേത്. അതിനുശേഷം കഞ്ഞിക്കുഴിയിലെത്തും. കോട്ടയം മണ്ഡലത്തിലെ പ്രചാരണ യോഗമാണ് കഞ്ഞിക്കുഴിയില്‍ നടക്കുക. അഞ്ചുമണിയോടെ അതിരമ്പുഴ മാര്‍ക്കറ്റ് ജങ്്ഷനില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ മറ്റ് യുഡിഎഫ് സ്ഥാനാര്‍ഥികളും വിവിധ വേദികളില്‍ പങ്കെടുക്കും. യുഡിഎഫിന്റെ സംസ്ഥാന നേതാക്കളും പങ്കെടുക്കും.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കൊല്ലം ജില്ലയിലാണ്. ചവറ, കൊല്ലം, കൊട്ടാരക്കര, ചടയമംഗലം എന്നീ നാലു മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. രാവിലെ 10 മണിക്ക് ഹോട്ടല്‍ ബീച്ച് ഓര്‍ക്കിഡില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനിടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിക്കുന്ന 'ഹോം വോട്ടിങ്' സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇന്ന് ആരംഭിക്കും. ഇതിനുള്ള മുന്നൊരുക്കം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

