ബിപിസിഎല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ഗാന്ധിയെ അനുഗമിക്കും.
കൊച്ചി: ബിപിസിഎല്‍ കുത്തകകള്‍ക്ക് വില്‍ക്കുന്നതിനെതിരേ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എംപി നാളെ കൊച്ചിയിലെത്തും. കഴിഞ്ഞ രണ്ടുദിവസമായി വയനാട് മണ്ഡല സന്ദര്‍ശനം നടത്തുന്ന രാഹുല്‍ഗാന്ധി നാളെ വൈകീട്ട് 6.30ന് അമ്പലമുകളില്‍ റിഫൈനറി ഗേറ്റിനു മുന്നില്‍ സംസാരിക്കും. ബിപിസിഎല്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരപരമ്പരയുടെ ഭാഗമായാണ് രാഹുല്‍ഗാന്ധി എംപി എത്തുന്നതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി ജെ വിനോദ് എംഎല്‍എ അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ഗാന്ധിയെ അനുഗമിക്കും. വൈകീട്ട് കണ്ണൂരില്‍നിന്ന് യാത്രാ വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം റോഡ് മാര്‍ഗം സമരവേദിയിലെത്തും. പിറ്റേന്ന് രാവിലെ ആറുമണിക്കുള്ള വിമാനത്തില്‍ ഡല്‍ഹിക്ക് തിരിക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഡിസിസി ഓഫിസില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ചേര്‍ന്നിരുന്നു. എംപി, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ നേതൃയോഗത്തില്‍ പങ്കെടുത്തു.