തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുല്‍ ഗാന്ധി

Update: 2026-04-04 09:05 GMT

ആലപ്പുഴ: ഇടതുപക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണെന്നും ഇടതുപക്ഷത്ത് യഥാര്‍ത്ഥ ഇടത് പക്ഷമായി ആരുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതു പക്ഷം ഇല്ലാതാവും. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വര്‍ഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തില്‍ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആലപ്പുഴയില്‍ ജി സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇടതുപക്ഷത്തുള്ളത് രണ്ട് വിഭാഗം നേതാക്കളാണ്. അവസരവാദ നിലപാടുള്ള നേതാക്കള്‍ ഒരു വിഭാഗം. ബിജെപി എന്നല്ല, അവര്‍ക്ക് ആരുടെ സഹായം നേടിയാലും കുഴപ്പമില്ല. എങ്ങനെയും അധികാരത്തില്‍ എത്തിയാല്‍ മതി. മറ്റൊരു വിഭാഗം നേതാക്കള്‍, ഇടത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. ആ വിഭാഗം ഇന്ന് ചതിക്കപ്പെട്ടുവെന്നും വഞ്ചിക്കപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആര്‍എസ്എസിനെ എതിര്‍ക്കുന്ന തന്റെ പേരില്‍ ഇന്ന് 38 ഓളം കേസുകള്‍ ഉണ്ട്. ബിജെപിയും നരേന്ദ്രമോദിയും തന്നെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും വേട്ടയാടുകയാണ്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ തൊടാത്തത്. നരേന്ദ്രമോദി എല്ലാദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയും. എങ്ങനെയാണ് അമ്പലങ്ങളെ അപമാനിച്ചതെന്ന് പറയും. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം കവര്‍ന്നു. സ്വര്‍ണ്ണം കവര്‍ന്നു പകരം ചെമ്പ് സ്ഥാപിച്ചു. അയ്യപ്പന്റെ സ്വര്‍ണമാണ് ഇവിടെ കവര്‍ന്നത്. കേരളത്തില്‍ വന്ന പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. മോദി ദൈവത്തെ പോലും മറന്നു. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം. രാജ്യത്ത് ഇടതുപക്ഷം ബിജെപിക്ക് വെല്ലുവിളി ആവില്ലെന്ന് മോദിക്ക് അറിയാം. എന്നെ ആക്രമിക്കുന്ന മോദി എന്തു കൊണ്ട് നിങ്ങളുടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല. എന്ത് കൊണ്ട് മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കുന്നില്ല.

പ്രതിഷേധങ്ങളെ മുഖ്യമന്ത്രി അക്രമമായി കണക്കാക്കുന്നു. അതുകൊണ്ടാണ് തിരിച്ച് ആക്രമിച്ചത്. കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചു. അധികാരത്തില്‍ ജനങ്ങളുമായുള്ള ബന്ധം ഇല്ലാതായി. ജനങ്ങളുമായുള്ള ബന്ധം അവര്‍ ഇല്ലാതാക്കി. ജനങ്ങളുമായുള്ള ബന്ധം നഷ്ടമായി എന്ന് മനസ്സിലാക്കികൊടുക്കാനുള്ള തിരഞ്ഞെടുപ്പ് ആണിത്. സംയമനത്തോടെ നേരിടുന്നതിന് പകരം തിരിച്ച് ആക്രമിക്കുകയാണ് മുഖ്യമന്ത്രി. എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങളുമായി ബന്ധമില്ലാതായി.

കേരളം മയക്കുമരുന്നിന്റെ രാജ്യതലസ്ഥാനമായി മാറി. കര്‍ഷകരും കയര്‍ തൊഴിലാളികളുമടക്കം ദുരിതത്തിലാണ്. ന്യൂനപക്ഷം ആക്രമിക്കപ്പെടുകയാണ്. കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. ഇത് ചെയ്തവരോടാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് ബന്ധമുള്ളത്. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് ഡോണള്‍ഡ് ട്രംപ് ആണ്. ട്രംപ് പറയുന്നത് മോദി നടപ്പാക്കുന്നു. എപ്സ്റ്റീന്‍ ഫയലുകളില്‍ നരേന്ദ്രമോദിയും ഉണ്ടെന്നും മോദി മന്ത്രിസഭയിലെ പല പ്രമുഖരും എപ്സ്റ്റീന്‍ ഫയലുകളിലുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.



Tags: