രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലിസ്

Update: 2025-12-11 10:11 GMT

തിരുവനന്തപുരം: കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍ കഴിയുന്നത്. ജാമ്യാപേക്ഷ രണ്ടു തവണ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. ജാമ്യാപേക്ഷ ഈ മാസം പതിനഞ്ചിന് വീണ്ടും പരിഗണിക്കും. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെന്നും പാസ് വേഡ് നല്‍കാത്തതിനാല്‍ ലാപ് ടോപ്പ് പരിശോധിക്കാനാകുന്നില്ലെന്നുമാണ് പോലിസ് പറയുന്നത്. കോടതി റിമാന്‍ഡ് നോട്ട് എഴുതിയതിനെ തുടര്‍ന്ന് ഫോര്‍ട്ട് ആശുപത്രിയിലും തുടര്‍ന്ന് ഓര്‍ത്തോ പരിശോധനക്കായി ജനറല്‍ ആശുപത്രിയിലും പരിശോധനക്ക് എത്തിച്ചു. കോടതി നിലപാടിനെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.




Tags: