രാഹുല്‍ ഈശ്വറിന് ജാമ്യം; ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന് കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു. ജയിലിലായി 16 ദിവസത്തിന് ശേഷമാണ് രാഹുലിന് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗക്കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും അവരെ അധിക്ഷേപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തതിന്റെ പേരിലായിരുന്നു രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്.
അതിജീവിതയെ അധിക്ഷേപിച്ചുകൊണ്ട് സൈബറിടങ്ങളില്‍ പോസ്റ്റിട്ട ആറുപേര്‍ക്കെതിരെയാണ് സൈബര്‍ പോലിസ് കേസെടുത്തിരുന്നത്. ഇതില്‍ ആദ്യ അറസ്റ്റ് രാഹുല്‍ ഈശ്വറിന്റേതായിരുന്നു. വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ആദ്യം രാഹുലിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ പിന്നീട് ജാമ്യം ലഭിക്കാത്ത കുറ്റങ്ങളും കൂടി ചുമത്തി രാഹുലിലെ പോലിസ് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
അന്യായമായാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റ് നിയവിരുദ്ധമാണെന്നും ആരോപിച്ച്, പ്രതിഷേധ സൂചകമായി ഒരാഴ്ചയോളം രാഹുല്‍ ജയിലില്‍ നിരാഹാരം കിടന്നിരുന്നു. എന്നാല്‍ സെഷന്‍സ് കോടതി തുടര്‍ച്ചയായി ജാമ്യം നിഷേധിച്ചതോടെ രാഹുല്‍ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. ആദ്യം ജില്ലാ ജയിലിലായിരുന്ന രാഹുലിനെ പിന്നീട് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ രണ്ടുദിവസത്തേക്ക് രാഹുലിനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇന്ന് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയെങ്കിലും കോടതി അത് നിരാകരിച്ചു. 16 ദിവസം ജയിലില്‍ കിടന്നയാളിനെ ഇനിയും കസ്റ്റഡിയില്‍ വാങ്ങുന്നത് എന്തിനാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിനുപിന്നാലെയാണ് ഉപാധികളോടെ രാഹുലിന് ജാമ്യം അനുവദിച്ചത്. മേലാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന കര്‍ശന നിര്‍ദേശത്തോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്.
