പേവിഷ ബാധ മരണം: വാക്‌സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ

Update: 2025-06-28 17:56 GMT

കണ്ണൂര്‍: കണ്ണൂരില്‍ പേവിഷബാധ ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്ന തമിഴ്‌നാട് സേലം സ്വദേശികളുടെ മകനായ അഞ്ച് വയസ്സുകാരന്‍ ഹരിത്ത് മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.നായയുടെ കടിയേറ്റപ്പോള്‍ വാക്‌സിന്‍ എടുക്കുകയും 12 ദിവസം പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുമായിരുന്നു. മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാട്ടേഴ്‌സിന് സമീപത്ത് വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിച്ച് വാക്‌സിന്‍ നല്‍കിയിരുന്നു. എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ പേ വിഷ ബാധയേറ്റാലുള്ള വാക്‌സിന്റെ ഗുണമേന്‍മ തന്നെ സംശയിക്കപ്പെടുകയാണ്. പിഞ്ചുകുഞ്ഞിന്റെ മരണത്തിന് ജില്ലാപഞ്ചായത്തും ആരോഗ്യ വകുപ്പുമാണ് ഉത്തരവാദി. ആന്റി റാബിസ് കുത്തിവയ്പിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പ് തയ്യാറാവണം. മരണപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.