മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ വീണ്ടും പ്രതിഷേധം തുറന്ന് പറഞ്ഞ് ആര്‍ ശ്രീലേഖ; 'പോടാ പുല്ലേ പറയാത്തത് ജയിപ്പിച്ചവരെ ഓര്‍ത്തിട്ട്'

Update: 2026-01-05 08:43 GMT

തിരുവനന്തപുരം: ബിജെപിക്ക് എതിരെ തുറന്നടിച്ച് ആര്‍ ശ്രീലേഖ. മല്‍സരിച്ചത് മേയറാക്കുമെന്ന ഉറപ്പിലാണെന്നും തീരുമാനം മാറിയതറിഞ്ഞത് അവസാന നിമിഷമാണെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ മുഖം താനാണെന്നും എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നും നേതൃത്വം അറിയിച്ചിരുന്നു. അവസാനം കൗണ്‍സിലറായി തുടരുന്നത് പാര്‍ട്ടി തീരുമാനത്തിന് അനുസരിച്ചാണെന്നും ആര്‍ ശ്രീലേഖ വ്യക്തമാക്കി.

വി വി രാജേഷും ആശാനാഥും നന്നായി പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടതു കൊണ്ടാകാം തീരുമാനമെന്നും ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലേഖ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നും ആര്‍ ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സംസ്ഥാന നേതൃത്വം മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തികാണിച്ച ശ്രീലേഖയെ അവസാനനിമിഷം മാറ്റിയാണ് വി വി രാജേഷിനെ പദവിയിലേക്ക് ഉയര്‍ത്തിയത്. സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ച ധാരണയോട് ശ്രീലേഖ എതിപ്പറിയിച്ചിട്ടില്ല. അവസാന നിമിഷം തിരുവനന്തപുരം മേയര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി വി രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുന്‍പ് വേദി വിട്ട് പോയത് ചര്‍ച്ചയായിരുന്നു.