ഇ ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ നടപടി; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ കേരള പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും തുടര്‍ നടപടികളുമാണ് സിംഗിള്‍ ബഞ്ച് റദ്ദാക്കിയത്

Update: 2021-07-07 15:58 GMT

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ കേരള പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും തുടര്‍ നടപടികളുമാണ് സിംഗിള്‍ ബഞ്ച് റദ്ദാക്കിയത്.

പ്രാഥമിക ആരോപണങ്ങളിലുള്ള വ്യത്യാസങ്ങള്‍ പരിഗണിക്കാതെയയാണ് രണ്ട് എഫ്‌ഐആറുകളും സിംഗിള്‍ ബഞ്ച് റദ്ദാക്കിയത്. ഇഡിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും എഫ്‌ഐ.ആറുകള്‍ നിലനില്‍ക്കുമെന്നും അപ്പീലില്‍ പറയുന്നു.പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കുന്നതിനു ഇഡിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ കേസ് നല്‍കുകയായിരുന്നു വേണ്ടതെന്നു സിംഗിള്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന വിവരം ഇഡി വിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയാതിരുന്നത് ബോധപൂര്‍വമാണെന്നു ഹരജിയില്‍ പറയുന്നു.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതിയായ സ്വപ്‌ന സുരേഷിനെ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന വനിതാ പോലിസ് ഉദ്യോഗസ്ഥരുടെ മൊഴി, ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടായെന്ന സന്ദീപ് നായരുടെ കത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളാണ് റദ്ദാക്കിയത്.

Tags:    

Similar News