പുതുവൈപ്പ്: പ്രക്ഷോഭം ശക്തമാക്കി നാട്ടുകാര്‍, 200ലധികം പേരെ അറസ്റ്റ് ചെയ്ത് നീക്കി

സമരത്തില്‍ പങ്കെടുത്ത കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന പോലിസ് മുന്നറിയിപ്പുണ്ടായിരുന്നു.

Update: 2019-12-21 10:54 GMT

കൊച്ചി: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണത്തിനെതിരേ പ്രക്ഷോഭം ശക്തമാക്കി നാട്ടുകാര്‍. പ്രക്ഷോഭം നടത്തിയ നാട്ടുകാരെ പോലിസ് അറസ്റ്റ് ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം 200ലധികം പേരെയാണ് പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ടെര്‍മിനല്‍ നിര്‍മാണ സ്ഥലത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് അറസ്റ്റ്.

സമരത്തില്‍ പങ്കെടുത്ത കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന പോലിസ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ അത് അവഗണിച്ചാണ് അവര്‍ സമരത്തിനിറങ്ങിയത്. നിരോധനാജ്ഞ ലംഘിച്ചെത്തിയ പ്രതിഷേധക്കാരെ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.

ജനവാസ കേന്ദ്രത്തില്‍ പദ്ധതി അനുവദിക്കാനാവില്ലെന്നതാണ് സമരസമിതിയുടെ നിലപാട്. പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുടെ കാലാവധി ആറു മാസത്തിനകം തീരാനിരിക്കെയാണ് പോലിസ് സുരക്ഷയില്‍ ടെര്‍മിനല്‍ നിര്‍മാണം വീണ്ടും ആരംഭിച്ചത്. 2017ല്‍ നടന്ന സമരത്തിനെതിരേ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജ് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

2010 ലാണ് പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം തുടങ്ങിയത്. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ ഒന്നര വര്‍ഷം മുമ്പ് നിര്‍മാണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. രണ്ടര വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന പുതുവൈപ്പ് പദ്ധതിയുടെ നിര്‍മ്മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് അധികൃതര്‍ പുനരാരംഭിച്ചത്. ഇതേ തുടര്‍ന്നാണ് പ്രതിഷേധം. ടെര്‍മിനല്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ തുടങ്ങിയ മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. 

Tags:    

Similar News