വിയ്യൂര്‍ അതീവ സുരക്ഷ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരെ പൂട്ടിയിട്ടതില്‍ പ്രതിഷേധിക്കുക: പുരോഗമന യുവജന പ്രസ്ഥാനം
സെന്‍ട്രല്‍ ജയിലില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ വിസ്സമ്മതിച്ചതിനാണ് ഹൃദരോഗിയായ ഇബ്‌റാഹീം , ഡാനിഷ് അടക്കം പത്തോളം തടവുകാരെ അന്യായമായി പൂട്ടിയിട്ടിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
കോഴിക്കോട്: വിയ്യൂര്‍ അതീവ സുരക്ഷ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരെ അന്യായമായി പൂട്ടിയിട്ടതില്‍ പ്രതിഷേധാര്‍ഹമാണെന്ന് പുരോഗമന യുവജന പ്രസ്ഥാനം പ്രസ്താവനയില്‍ പറഞ്ഞു. ഓഗസ്റ്റ് 15 ന് വിയ്യൂര്‍ അതീവ സുരക്ഷ സെന്‍ട്രല്‍ ജയിലില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ വിസ്സമ്മതിച്ചതിനാണ് ഹൃദരോഗിയായ ഇബ്‌റാഹീം , ഡാനിഷ് അടക്കം പത്തോളം തടവുകാരെ അന്യായമായി പൂട്ടിയിട്ടിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
സ്വാതന്ത്രദിന പരിപാടികള്‍ നടന്ന് കൊണ്ടിരുന്നപ്പോള്‍ ബഹളം വെച്ചുവെന്നും രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്നുമുള്ള ജയില്‍ അധികൃതരുടെ പൊള്ളയായ വാദത്തെ അതേപടി പകര്‍ത്തിയെഴുതി പല മാധ്യമങ്ങളിലും വാര്‍ത്തയും വന്നിരുന്നു. അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്ന രാഷ്ട്രീയ തടവുകാര്‍ക്ക് മേല്‍ കൂടുതല്‍ കള്ളകേസുകള്‍ ചാര്‍ത്തി കൊടുക്കാനുള്ള ഭരണകൂട താല്‍പര്യത്തെയണ് ഇത്തരം നീക്കങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
2018 ഒക്ടോബര്‍ 5 ന് അട്ടപ്പാടിയില്‍ വെച്ചാണ് സഖാവ്: ഡാനിഷ് അറസ്റ്റിലാവുന്നത്. തുടര്‍ന്ന് ഡാനിഷിനും കുടുംബത്തിനും നേരേ പലതരം പോലിസ് അതിക്രമങ്ങള്‍ ഉണ്ടാവുകയും അവ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
തുടര്‍ന്നിങ്ങോട്ടുള്ള നാളുകളില്‍ ജയിലിനകത്ത് അധികൃതരില്‍ നിന്നും തടവുകാര്‍ക്ക് നേരിടേണ്ടി വന്ന നിരവധി അതിക്രമങ്ങള്‍ക്കെതിരേയും അവകാശ നിഷേധങ്ങള്‍ക്കെതിരേയും നിരന്തരം സമരങ്ങള്‍ നടത്തിയിട്ടുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ മാന്വല്‍ കോപ്പി അനുവദിക്കണമെന്ന് അവിശ്യപ്പെട്ട് നീണ്ടനാള്‍ നിരാഹാരസമരം നടത്തുകയും ഒടുവില്‍ സഖാവ് ഡാനിഷ് ഉന്നയിച്ച ആവിശ്യങ്ങള്‍ കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു .
ജയിലിനകത്ത് അരങ്ങേറി കൊണ്ടിരിക്കുന്ന ഉദ്യേഗസ്ഥ പീഡനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നതിനാലാണ് ഡാനിഷിന് നേരേ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് പുരോഗമന യുവജന പ്രസ്ഥാനം കുറ്റപ്പെടുത്തി.
എല്ലാ കേസുകളിലും ജാമ്യം നേടി സാങ്കേതിക കാരങ്ങളാല്‍ ഇപ്പോഴും ജയിലില്‍ തുടരുന്ന സ. ഡാനിഷിനെതിരെ ഇപ്പോള്‍ ജയില്‍ അധികൃതരുടെ ഭാഗത്ത്‌നിന്നും ഉണ്ടായിരിക്കുന്ന ഈ നടപടിയും കള്ള ആരോപണങ്ങളും ഭരണകൂട ഗൂഡാലോചനയാണെന്നും അവര്‍ പറഞ്ഞു.
