പൾസ് പോളിയോ: 97 ശതമാനം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി

മുന്‍ വര്‍ഷത്തില്‍ 96.6 ശതമാനം കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കിയിരുന്നത്. ഏറ്റവും കുറവുള്ള മലപ്പുറം ജില്ലയില്‍ 91 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാനായി.

Update: 2020-01-23 09:33 GMT

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. നാല് ദിവസങ്ങളിലായി നടന്ന പോളിയോ തുള്ളിമരുന്ന് വിതരണത്തിലൂടെ ഭൂരിപക്ഷം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി. നാലാം ദിനമായ ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 5 വയസിന് താഴെ പ്രായമുള്ള 97 ശതമാനം കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കാനായി.

മുന്‍ വര്‍ഷത്തില്‍ 96.6 ശതമാനം കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കിയിരുന്നത്. ഏറ്റവും കുറവുള്ള മലപ്പുറം ജില്ലയില്‍ 91 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാനായി. വ്യാഴാഴ്ചത്തെ കൂടി കണക്ക് വരുമ്പോള്‍ ഇനിയും ശതമാനം ഉയരുന്നതാണ്.  കുട്ടികള്‍ക്ക് പോളിയോ ബാധിച്ച് അംഗവൈകല്യം വരാതിരിക്കാന്‍ നിര്‍ബന്ധമായും പോളിയോ തുള്ളിമരുന്ന് നല്‍കേണ്ടതാണ്. പല കാരണങ്ങളാല്‍ നല്‍കാന്‍ സാധിക്കാതെപോയ കുട്ടികളെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാന വ്യാപകമായി പോളിയോ തുള്ളിമരുന്ന് നല്‍കിയത്. തെരഞ്ഞെടുത്ത 24,247 ബൂത്തുകളിലൂടെ സംസ്ഥാനത്തെ 5 വയസില്‍ താഴെ പ്രായമുള്ള 24,50,477 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളി മരുന്ന് നല്‍കുകയായിരുന്നു ലക്ഷ്യം. ആദ്യ ദിനത്തില്‍ 19,59,832 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനായി. ബാക്കിയുള്ള കുട്ടികള്‍ക്ക് കൂടി തുള്ളി മരുന്ന് നല്‍കാനായി തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലായി ആരോഗ്യ പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തുകയും ചെയ്തു. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ 23,79,542 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായി.

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ മുഴുവന്‍ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാനായി. ഈ നാല് ജില്ലകളിലും ഉദ്ദേശിച്ച ലക്ഷ്യത്തില്‍ കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കാനായി. തിരുവനന്തപുരം 104 ശതമാനം, കൊല്ലം 99, പത്തനംതിട്ട 94, ആലപ്പുഴ 95, കോട്ടയം 94, ഇടുക്കി 103, എറണാകുളം 103, തൃശൂര്‍ 101, പാലക്കാട് 99, മലപ്പുറം 91, കോഴിക്കോട് 95, വയനാട് 99, കണ്ണൂര്‍ 96, കാസര്‍ഗോഡ് 94 ശതമാനം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

Tags:    

Similar News