റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായുള്ള കടല കരിഞ്ചന്തയില്‍

മുന്‍ഗണനാവിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് ആളൊന്നിന് അഞ്ച് കിലോഗ്രാം വീതം അരിയും കാര്‍ഡ് ഒന്നിന് ഒരു കിലോ കടല അല്ലെങ്കില്‍ പയറും ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു തീരുമാനം.

Update: 2020-05-08 07:00 GMT

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് മുന്‍ഗണനാവിഭാഗത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കടല കാണാനില്ലെന്ന് റിപ്പോര്‍ട്ട്. റേഷന്‍കടക്കാന്‍ ഇത് മറിച്ച് വിറ്റിരിക്കാനാണ് സാധ്യതയെന്നാണ് വിവരം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം മുന്‍ഗണനാവിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് ആളൊന്നിന് അഞ്ച് കിലോഗ്രാം വീതം അരിയും കാര്‍ഡ് ഒന്നിന് ഒരു കിലോ കടല അല്ലെങ്കില്‍ പയറും ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു തീരുമാനം.

എന്നാല്‍ കഴിഞ്ഞ മാസം കൊടുക്കേണ്ട കടല അരി വിതരണം ചെയ്യുന്ന സമയത്ത് ലഭിച്ചിരുന്നില്ല. ഏപ്രിലില്‍ സൗജന്യ അരിക്കൊപ്പം വിതരണം ചെയ്യേണ്ടിയിരുന്ന കടല ഈമാസമാണു സിവില്‍ സെപ്ലെസ് കോര്‍പറേഷനു ലഭിച്ചത്. നാഫെഡില്‍നിന്നുള്ള ഗുണമേന്മയേറിയ കടലയാണു വിതരണത്തിനെത്തിച്ചത്. ഇതു റേഷന്‍ കടകളിലെത്തിച്ചെങ്കിലും ഭൂരിപക്ഷം കാര്‍ഡ് ഉടമകള്‍ക്കും കഴിഞ്ഞമാസത്തെ കണക്കില്‍പ്പെടുത്തി വിതരണം ചെയ്തിട്ടില്ല. പൊതുവിപണിയില്‍ കിലോയ്ക്ക് 60 രൂപവരെ വിലയുള്ള കടലയാണ് കരിഞ്ചന്തയിലെത്തിയിരിക്കുന്നത്. ഈമാസം രണ്ട് കിലോ കടല വീതം അന്ത്യോദയ, മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് നല്‍കാനുള്ള സിവില്‍ സെപ്ലെസ് കോര്‍പറേഷന്‍ നിര്‍ദേശമാണ് ലംഘിക്കപ്പെടുന്നത്. ഏപ്രിലിലെ വിതരണത്തിനു മാത്രം 37.5 ലക്ഷം കിലോ കടലയാണു കേരളത്തിനു ലഭിച്ചത്. ഇതില്‍ 80 ശതമാനവും പൂഴ്ത്തി. സംസ്ഥാനത്ത് 5,92,424 അന്ത്യോദയ കാര്‍ഡുകളും 31,51,327 മുന്‍ഗണനാ കാര്‍ഡുകളുമാണുള്ളത്.

Tags:    

Similar News