പൊതുപണിമുടക്കിനിടെ ട്രെയിന്‍ തടഞ്ഞതിനു 300 പേര്‍ക്കെതിരേ കേസ്

Update: 2019-01-10 10:36 GMT

കൊച്ചി : പൊതുപണിമുടക്കിനിടെ എറണാകുളത്ത് തീവണ്ടികള്‍ തടഞ്ഞ സംഭവത്തില്‍ മുന്നൂറുപേര്‍ക്കെതിരെ റെയില്‍വേ പ്രൊട്ടക്ക്ഷന്‍ ഫോഴ്‌സ്് കേസെടുത്തു. എറണാകുളം നോര്‍ത്ത്, കളമശേരി, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളില്‍ തീവണ്ടികള്‍ തടഞ്ഞ സംഭവത്തിലാണ് കേസ്. കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസ് എടുത്തിരിക്കുന്നത്. പണിമുടക്കിന്റെ ആദ്യ ദിനം തൃപ്പൂണിത്തുറയില്‍ മാത്രമാണ് സമരക്കാര്‍ തീവണ്ടി തടഞ്ഞത്. ഇവിടെ അമ്പത് പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിലാണ് തൃപ്പൂണിത്തുറയില്‍ തടഞ്ഞത്. പണിമുടക്കിന്റെ രണ്ടാം ദിവസം കളമശേരിയില്‍ രാവിലെ എട്ടിന് കോട്ടയം നിലമ്പൂര്‍ പസഞ്ചറും, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 9.30ന് പാലരുവി എക്‌സ്പ്രസുമാണ് തടഞ്ഞത്.കളമശേരിയില്‍ തീവണ്ടി തടഞ്ഞ സംഭവത്തില്‍ അമ്പത് പേര്‍ക്കെതിരെയും എറണാകുളം നോര്‍ത്തില്‍ 200 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിട്ടുള്ളത്. ആലുവയില്‍ തീവണ്ടി തടയുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി പ്രവര്‍ത്തകര്‍ പിരിഞ്ഞു. പ്രതികള്‍ക്ക് ഉടന്‍ നോട്ടീസ് അയച്ച് തുടങ്ങുമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറിയിച്ചു. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാകും അറസ്റ്റ് രേഖപ്പെടുത്തുക. ശേഷം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. നാല് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെങ്കിലും സ്റ്റേഷന്‍ ജാമ്യം ലഭിക്കും.പൊതുപണിമുടക്കിന്റെ ഭാഗമായി തീവണ്ടികള്‍ തടയുമെന്ന് സൂചനയുണ്ടായിരുന്നതിനാല്‍ സമരാനുകൂലികളെ കുടുക്കാന്‍ റെയില്‍വേ പോലീസ് മൊബൈല്‍ കാമറയുള്‍പ്പടെയുള്ള മുന്‍കരുതല്‍ എടുത്തിരുന്നു. തീവണ്ടികള്‍ വൈകിയതു മൂലമുള്ള നഷ്ടം വിലയിരുത്തി സമരക്കാരില്‍ നിന്നും പിഴയായി ഈടാക്കാനാണ് നീക്കം.

Tags:    

Similar News