കൊവിഡ് കാലത്തും ആരോഗ്യ മേഖലയില്‍ താല്‍ക്കാലിക നിയമനം; നഴ്സിങ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

ലക്ഷങ്ങള്‍ ഫീസ് കൊടുത്ത് കേരളത്തിനകത്തും പുറത്തുമായ പഠിച്ച് യോഗ്യത നേടിയ നഴ്സുമാര്‍ അവസരമില്ലാതെ ഭാവി ഇരുളടയുന്ന സ്ഥിതിയാണ്.

Update: 2020-06-23 06:15 GMT

തിരുവനന്തപുരം: കൊവിഡ് കാലത്തും ആരോഗ്യമേഖലയില്‍ താല്‍ക്കാലിക നിയമനം. ആറുമാസത്തേക്കാണ് നിയമനം. അടിയന്തര സാഹചര്യത്തില്‍ ഒരുവര്‍ഷം വരെ നീട്ടാമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ 14 ജില്ലകളിലെ റാങ്ക് ലിസ്റ്റും ഒരു സ്റ്റേറ്റ് വൈഡ് ലിസ്റ്റും (മെഡിക്കല്‍ കോളജ്) നിലവിലുണ്ട്. അതില്‍നിന്ന് വിരലിലെണ്ണാവുന്ന ആളുകളെ മാത്രം എടുത്തുകൊണ്ട് ബാക്കിയുള്ള വേക്കന്‍സിയിൽ താല്‍ക്കാലിക നിയമനം എന്നപേരില്‍ എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്റ്റാഫിനെ താല്‍ക്കാലികമായി മാത്രമേ എടുക്കാന്‍ പറ്റുള്ളൂവെങ്കില്‍ ഈ റാങ്ക് ലിസ്റ്റില്‍നിന്ന് എടുക്കാമല്ലോയെന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു. എന്തിനാണ് റാങ്ക് ലിസ്റ്റിന് പുറത്തുനിന്ന് സ്റ്റാഫിനെ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ എടുക്കുന്നതെന്നാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നത്.

കേരള പി എസ് സിയുടെ പരീക്ഷയെഴുതി യോഗ്യരായ 3862 നഴ്സുമാരുടെ ലിസ്റ്റ് കേരളത്തിലുണ്ട്. സപ്ലിമെന്ററി ലിസ്റ്റില്‍ 4000 പേര്‍ വേറേയുമുണ്ട്. 2018 ഒക്ടോബര്‍ മുതല്‍ 2021 സെപ്തംബര്‍ വരെയാണ് ഈ ലിസ്റ്റിന്റെ കാലാവധി. പുതിയ വേക്കന്‍സി ക്രിയേറ്റ് ചെയ്ത് ഇതില്‍ അമ്പതോളം പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. ആരോഗ്യ രംഗത്ത് ഇപ്പോള്‍ പ്രൊമോഷനുകള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. അങ്ങനെ പ്രൊമോഷനാവുമ്പോള്‍ താഴെ വരുന്ന വേക്കന്‍സികളില്‍ നിയമനം നടത്താവു ന്നതാണ്. പ്രൊമോഷന്‍ നടക്കാത്തതുകൊണ്ട് നിയമനവുമില്ല എന്നതാണ് സ്ഥിതി. പ്രൊമോഷന്‍ റേഷ്യോപ്രകാരം നിയമനം നടന്നാല്‍ എണ്ണൂറോളം പേര്‍ക്ക് നിയമനം ലഭിക്കും. ഏറെ വര്‍ഷത്തെ അധ്വാനംകൊണ്ടാണ് ഒരു റാങ്ക് ലിസ്റ്റില്‍ എത്തുന്നതെന്നും ഇവർ പറയുന്നു.

നിയമനം ലഭിക്കുമ്പോള്‍ ഗ്രേഡ്-2 കാറ്റഗറിയിലായിരിക്കും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഗ്രേഡ് ഒന്നിലേക്ക് പ്രൊമോഷന്‍ ലഭിക്കും. ഒരു ഹെഡ് നഴ്സിനു കീഴ്ല്‍ രണ്ട് ഗ്രേഡ്-2, രണ്ട് ഗ്രേഡ്-1 നഴ്സുമാര്‍ ഉണ്ടാവണമെന്നാണ് കണക്ക്. ഗ്രേഡ്- 2 നഴ്സുമാര്‍ക്ക് തുടക്കത്തില്‍ 36,000 രൂപ ശമ്പളമുണ്ടാവും. പിഎഫ് അടക്കമുള്ള കിഴിക്കലെല്ലാം കഴിഞ്ഞ് 27,000 രൂപ കൈയില്‍ കിട്ടും. എന്നാല്‍, ഇതെല്ലാം അട്ടിമറിച്ച് താല്‍ക്കാലികക്കാരായി സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ്. താല്‍ക്കാലിക നിയമനക്കാര്‍ക്ക് മാസം 17,000 രൂപ ശമ്പളവും മാസം നാല് ഓഫും മാത്രമാണു ലഭിക്കുക.

ഉദ്യോഗസ്ഥതലത്തില്‍ തടഞ്ഞുവച്ചിരിക്കുന്ന ഒഴിവുകള്‍ നികത്തിയാല്‍ അത്രയും കുടുംബങ്ങളെങ്കിലും രക്ഷപ്പെടും. പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍ മാത്രം മാലാഖമാരെന്നു വിളിക്കുകയും അതുകഴിഞ്ഞാല്‍ അവഹേളിക്കപ്പെടുകയും ചെയ്യ പ്പെടുന്ന ഒരു പൊതുമനോഭാവമാണ് നഴ്സുമാരോട് കേരളീയര്‍ക്കെന്നും ഉദ്യോഗാർഥികൾ പറയുന്നു. ലക്ഷങ്ങള്‍ ഫീസ് കൊടുത്ത് കേരളത്തിനകത്തും പുറത്തുമായ പഠിച്ച് യോഗ്യത നേടിയ നഴ്സുമാര്‍ അവസരമില്ലാതെ ഭാവി ഇരുളടയുന്ന സ്ഥിതിയാണ്. കേന്ദ്രമാനദണ്ഡമനുസരിച്ച് ശമ്പളം നല്‍കുന്ന സ്വകാര്യ ആശുപത്രികള്‍ കുറവ്. വിദേശത്ത് പോകണമെങ്കിലും വേണം ലക്ഷങ്ങള്‍. സ്വന്തംനാട്ടില്‍ സേവനം ചെയ്യണമെന്ന ആഗ്രഹമുള്ളവരാണ് നഴ്സുമാരില്‍ ഏറെയും.

Tags: