പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ശിവരഞ്ജിത്തിനെയും നസീമിനെയും കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി പറഞ്ഞത്. പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേടിലെ ഒന്നും മൂന്നും പ്രതികളാണ് ശിവരഞ്ജിത്തും നസീമും. ഈ കേസില്‍ കൂടുതല്‍ ചോദ്യംചെയ്യാനും പ്രതികള്‍ പരീക്ഷാ ഹാളില്‍ ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കാനുമായി കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ഹരികൃഷ്ണന്റെ അപേക്ഷയെത്തുടര്‍ന്നാണ് കോടതി നടപടി.

Update: 2019-08-28 10:05 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളും എസ്എഫ്‌ഐ നേതാക്കളുമായ ശിവരഞ്ജിത്തിനെയും നസീമിനെയും വ്യാഴാഴ്ച ഹാജരാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി പറഞ്ഞത്. പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേടിലെ ഒന്നും മൂന്നും പ്രതികളാണ് ശിവരഞ്ജിത്തും നസീമും. ഈ കേസില്‍ കൂടുതല്‍ ചോദ്യംചെയ്യാനും പ്രതികള്‍ പരീക്ഷാ ഹാളില്‍ ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കാനുമായി കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ഹരികൃഷ്ണന്റെ അപേക്ഷയെ ത്തുടര്‍ന്നാണ് കോടതി നടപടി.

പിഎസ്‌സിയുടെ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിരുന്നു. പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ എസ്എംഎസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും ഇരുവരും സമ്മതിച്ചു. അതേസമയം, ചോദ്യങ്ങള്‍ പുറത്തുപോയത് എങ്ങനെയെന്നതിനെപ്പറ്റി വ്യക്തമായ മറുപടി നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. ഇരുവരെയും ഒരുമിച്ചും ഒറ്റയ്ക്കുമായി ചോദ്യം ചെയ്‌തെങ്കിലും ചോദ്യപേപ്പര്‍ പുറത്തെത്തിച്ചത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പ്രതികള്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ചോദ്യംചെയ്യലിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

ചോദ്യപേപ്പര്‍ ചോര്‍ത്തി പരീക്ഷ എഴുതിയെന്ന് സംശയരഹിതമായി തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരേ മറ്റ് വകുപ്പുകള്‍ ചുമത്താന്‍ കഴിയൂ. അതിന് മുഖ്യപ്രതികള്‍ പിടിയിലാകേണ്ടതുണ്ട്. പക്ഷേ, ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാംപിലെ പോലിസുകാരന്‍ ഗോകുലും സുഹൃത്ത് സഫീറും ഇപ്പോഴും ഒളിവിലാണ്. പരീക്ഷാ ഹാളിനുള്ളില്‍ പ്രതികള്‍ മൊബൈലോ സ്മാര്‍ട്ട് വാച്ചോ ഉപയോഗിച്ചുവെന്നാണ് പോലിസ് സംശയിക്കുന്നത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പങ്കും പോലിസ് അന്വേഷിക്കുന്നുണ്ട്. ഏതൊക്കെ നമ്പറില്‍നിന്നാണ് സന്ദേശങ്ങള്‍ ലഭിച്ചതെന്ന് അറിയാന്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

Tags:    

Similar News