പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ഗോകുലിന്റെ ഫോണും സിം കാര്‍ഡും കണ്ടെത്തി; അന്വേഷണം ഉദ്യോഗസ്ഥരിലേക്ക്

ഗോകുലിന്റെ വീട്ടില്‍നിന്നാണു ക്രൈംബ്രാഞ്ച് സംഘം ഫോണ്‍ കണ്ടെത്തിയത്. തട്ടിപ്പ് വെളിപ്പെടുത്തുന്ന മറ്റു കുറിപ്പുകളും വീട്ടില്‍നിന്ന് കണ്ടെത്തി. ഈ സിം ഉപയോഗിച്ചാണോ പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് എസ്എപി ക്യാംപിലെ പോലിസുകാരനായ ഗോകുല്‍ ഉത്തരങ്ങള്‍ അയച്ചുനല്‍കിയതെന്ന് അന്വേഷണസംഘം ശാസ്ത്രീയമായി പരിശോധിക്കും. ചോദ്യപേപ്പര്‍ കിട്ടിയത് യൂനിവേഴ്‌സിറ്റി കോളജില്‍നിന്നാണെന്ന് ഗോകുല്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

Update: 2019-09-04 17:57 GMT

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാതട്ടിപ്പുകേസില്‍ പ്രതിയായ പോലിസുകാരന്‍ ഗോകുല്‍ ഉപയോഗിച്ചിരുന്ന ഫോണും സിം കാര്‍ഡും കണ്ടെടുത്തു. ഗോകുലിന്റെ വീട്ടില്‍നിന്നാണു ക്രൈംബ്രാഞ്ച് സംഘം ഫോണ്‍ കണ്ടെത്തിയത്. തട്ടിപ്പ് വെളിപ്പെടുത്തുന്ന മറ്റു കുറിപ്പുകളും വീട്ടില്‍നിന്ന് കണ്ടെത്തി. ഈ സിം ഉപയോഗിച്ചാണോ പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് എസ്എപി ക്യാംപിലെ പോലിസുകാരനായ ഗോകുല്‍ ഉത്തരങ്ങള്‍ അയച്ചുനല്‍കിയതെന്ന് അന്വേഷണസംഘം ശാസ്ത്രീയമായി പരിശോധിക്കും. ചോദ്യപേപ്പര്‍ കിട്ടിയത് യൂനിവേഴ്‌സിറ്റി കോളജില്‍നിന്നാണെന്ന് ഗോകുല്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

യൂനിവേഴ്‌സിറ്റി കോളജിന് സമീപത്തുനിന്നാണ് ഉത്തരങ്ങള്‍ അയച്ചുനല്‍കിയത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിലാണ് കേസില്‍ അഞ്ചാം പ്രതിയായ ഗോകുല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. സുഹൃത്തായ പ്രണവിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശ്യം. പരീക്ഷ തുടങ്ങിയ ശേഷമാണ് ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയത്. പ്രണവ് പറഞ്ഞ പ്രകാരം ഒരാള്‍ ചോദ്യപേപ്പര്‍ എത്തിച്ചുവെന്നും സഫീറും താനും ചേര്‍ന്ന് ഉത്തരങ്ങള്‍ എസ്എംഎസായി അയച്ചുവെന്നും ഗോകുല്‍ വെളിപ്പെടുത്തി. സംസ്‌കൃത കോളജിന് മുന്നില്‍വച്ചാണ് ഉത്തരങ്ങള്‍ അയച്ചുകൊടുത്തതെന്നും ഉത്തരം കണ്ടെത്താന്‍ പ്രണവ് പറഞ്ഞുവിട്ടവരും അവിടെ എത്തിയിരുന്നെന്നും ഗോകുല്‍ മൊഴി നല്‍കി.

പ്രണവിനൊപ്പമാണ് ഒളിവില്‍ പോയതെന്നും ഗോകുല്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ആരാണ് പ്രണവിനെ സഹായിക്കാനായി വിളിച്ചവരെന്ന് അറിയില്ലെന്നാണ് ഗോകുല്‍ പറയുന്നത്. ഉത്തരങ്ങള്‍ പരീക്ഷാ ഹാളില്‍ ലഭിച്ചത് സ്മാര്‍ട്ട് വാച്ചുകള്‍ മുഖേനയാണെന്നു പ്രതികളായ ശിവരഞ്ജിത്തും നസീമും മൊഴി നല്‍കിയിട്ടുണ്ട്. പരീക്ഷാ തട്ടിപ്പുകേസില്‍ അറസ്റ്റിലായവര്‍ക്കു പുറമേ മറ്റാര്‍ക്കെങ്കിലും ഉത്തരങ്ങള്‍ എസ്എംഎസ്സായി ലഭിച്ചിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. പരീക്ഷയെഴുതുന്നതിനായി ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. അറസ്റ്റിലായ ശിവരഞ്ജിത്, നസിം എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ തട്ടിപ്പ് സമ്മതിച്ചെങ്കിലും ചോദ്യക്കടലാസ് എങ്ങനെ ലഭിച്ചെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോയെന്നുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച്. ഇതിനായി തട്ടിപ്പിനിടയാക്കിയ പരീക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. കേസില്‍ അഞ്ചുപ്രതികള്‍കൂടിയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കല്ലറയിലെ ഒരു പിഎസ്‌സി പരീക്ഷാ പരിശീലനകേന്ദ്രം കേന്ദ്രമാക്കിയാണ് തട്ടിപ്പിന് കളമൊരുക്കിയതെന്ന് കേസിലുള്‍പ്പെട്ട മറ്റു പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു കോച്ചിങ് സെന്ററുകള്‍ കേന്ദ്രീകരിച്ചും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുണ്ട്. 

Tags:    

Similar News