പിഎസ്‌സി പരീക്ഷ മലയാളത്തില്‍: നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യവുമായി കഥാകൃത്തുക്കളും നോവലിസ്റ്റുകളും

കഥാകൃത്തുക്കളും നോവലിസ്റ്റുകളുമായ അയ്മനം ജോണ്‍, അശോകന്‍ ചെരുവില്‍, പി എഫ് മാത്യൂസ്, ഇ സന്തോഷ്‌കുമാര്‍, മധുപാല്‍, സി എസ് ചന്ദ്രിക, വിനോയ് തോമസ്, ബി മുരളി, വിനു എബ്രഹാം, എം എ സിദ്ദീഖ്, എസ് ആര്‍ ലാല്‍, കെ എസ് രതീഷ്, വിവേക് ചന്ദ്രന്‍, അനൂപ് ശശികുമാര്‍ എന്നിവരാണ് തിരുവനന്തപുരം പിഎസ്‌സി ഓഫിസിന് മുന്നില്‍ 10, 11 തിയ്യതികളില്‍ സമരത്തിന് പിന്തുണയുമായെത്തുന്നത്.

Update: 2019-09-09 09:52 GMT

തിരുവനന്തപുരം: മലയാളത്തില്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെടുന്ന കേരളത്തിലെ ഉദ്യോഗാര്‍ഥികളുടെ മൗലികാവകാശത്തെ നിഷേധിക്കുന്ന പിഎസ്‌സിയുടെ തീരുമാനത്തിനെതിരേ ഉത്രാടം, തിരുവോണ നാളുകളില്‍ മലയാളത്തിലെ കവികള്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യവുമായി കഥാകൃത്തുക്കളും നോവലിസ്റ്റുകളും അണിനിരക്കുന്നു. കഥാകൃത്തുക്കളും നോവലിസ്റ്റുകളുമായ അയ്മനം ജോണ്‍, അശോകന്‍ ചെരുവില്‍, പി എഫ് മാത്യൂസ്, ഇ സന്തോഷ്‌കുമാര്‍, മധുപാല്‍, സി എസ് ചന്ദ്രിക, വിനോയ് തോമസ്, ബി മുരളി, വിനു എബ്രഹാം, എം എ സിദ്ദീഖ്, എസ് ആര്‍ ലാല്‍, കെ എസ് രതീഷ്, വിവേക് ചന്ദ്രന്‍, അനൂപ് ശശികുമാര്‍ എന്നിവരാണ് തിരുവനന്തപുരം പിഎസ്‌സി ഓഫിസിന് മുന്നില്‍ 10, 11 തിയ്യതികളില്‍ സമരത്തിന് പിന്തുണയുമായെത്തുന്നത്.

പിഎസ്‌സി ഓഫിസിനു മുന്നില്‍ രൂപിമയും പ്രിയേഷും തുടങ്ങിയ നിരാഹാരസമരം ഉയര്‍ത്തിയത് കേവലം ഭാഷാവാദമോ മൗലികവാദമോ അല്ലെന്ന് മനസ്സിലാക്കാന്‍ ശേഷിയുള്ള മലയാളത്തിലെ പ്രധാനപ്പെട്ട മറ്റു എഴുത്തുകാരും ഈ സമരത്തോട് ഐക്യപ്പെടുമെന്ന് തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവര്‍ പറയുന്നു. ഏതുഭാഷയായാലും അത് വലിയ ചരിത്രവും സംസ്‌കാരവും വിജ്ഞാനവും ഉള്‍ക്കൊള്ളുന്നു എന്നതുപോലെ, ആപേക്ഷികമായ അധികാരവും അധികാരമില്ലായ്മയും ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ഏറ്റവുമധികം തിരിച്ചറിയുന്നവരാണ് എഴുത്തുകാര്‍.

അതിനാല്‍, ഈ സമരം കേരളത്തിലെ പിഎസ്‌സിയുടെ ജനാധിപത്യവിരുദ്ധതയ്ക്കും കുത്തകാധികാരത്തിനും നേരെയുള്ള എതിര്‍പ്പ് രേഖപ്പെടുത്തല്‍ മാത്രമല്ല, വിശാലമായ രാഷ്ട്രീയമാനവുമുണ്ട്. സമരത്തെ എതിര്‍ത്തുകൊണ്ട് ചില എഴുത്തുകാര്‍, മാധ്യമ, സാംസ്‌കാരിക, സാഹിത്യവിമര്‍ശകര്‍ തെറ്റായ വ്യാഖ്യാനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയെയോ മറ്റു ഭാഷകളെയോ തള്ളിപ്പറയുകയല്ല സമരത്തിന്റെ ലക്ഷ്യമെന്ന് ആര്‍ക്കും ലളിതബുദ്ധിയില്‍ മനസ്സിലാക്കാവുന്ന കാര്യമേയുള്ളൂ. പിഎസ്‌സിയുടെ പരീക്ഷ ഇംഗ്ലീഷില്‍ എഴുതുന്നത് നിര്‍ത്തലാക്കണമെന്നല്ല സമരത്തിന്റെ ആവശ്യം. മറിച്ച് സ്വന്തം നാട്ടില്‍ മലയാള ഭാഷയിലും ചോദ്യപേപ്പര്‍ വേണമെന്നതു മാത്രമാണ്. 

Tags: