പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് നിയമസഭയില്‍ പ്രതിപക്ഷം

കുറ്റക്കാരായ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുളള എല്ലാവിധ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിഎസ്‌സി ആവശ്യപ്പെട്ടതനുസരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കി ഈമാസം ആറിന് മറുപടി നല്‍കിയിട്ടുണ്ട്.

Update: 2019-11-07 06:32 GMT

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. പിഎസ്‌സി സിവില്‍ പോലിസ് ഓഫിസര്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികളുടെ ആശങ്കയും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. വിഷയത്തില്‍ പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടി അനൂപ് ജേക്കബ് നോട്ടീസ് നല്‍കി. പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളി നടത്തിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ക്രൈംബ്രാഞ്ച് വഴിയൊരുക്കുകയായിരുന്നു. കഷ്ടപ്പെട്ട് പഠിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് തട്ടിപ്പുകാരുടെ പേരില്‍ നിയമന ഉത്തരവ് ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. വ്യാപം അഴിമതിക്ക് സമാനമായ തട്ടിപ്പാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, വിഷയത്തില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളി. കുറ്റക്കാരായ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുളള എല്ലാവിധ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിഎസ്‌സി ആവശ്യപ്പെട്ടതനുസരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കി ഈമാസം ആറിന് മറുപടി നല്‍കിയിട്ടുണ്ട്.

അവശ്യസര്‍വീസ് എന്ന നിലയില്‍ പോലിസ് സേനയിലേക്കുള്ള ഈ തിരഞ്ഞെടുപ്പിന് നേരിട്ട തടസ്സത്തിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം ഉദ്യോഗാര്‍ഥികളുടെ ഉത്കണ്ഠയ്ക്ക് പരിഹാരം കണ്ടെത്താനും കഴിയണം. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പരിധിയില്‍ വരുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ആയതിനാല്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. എന്നിരുന്നാലും റാങ്ക്‌ലിസ്റ്റില്‍നിന്ന് പ്രൊവിഷണലായി അഡൈ്വസ് മെമ്മോ നല്‍കുന്നതിനുള്ള സാധ്യത കൂടി പിഎസ്‌സിയ്ക്ക് മുമ്പില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

മേല്‍പ്പറഞ്ഞ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഒരു ഹരജിയും റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ അന്വേഷണത്തിനിടെ ശേഖരിച്ച ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധന നടന്നുവരികയാണ്. കേസിന്റെ സമഗ്രവും ഊര്‍ജിതവുമായ അന്വേഷണമാണ് നടന്നുവരുന്നത്. വിഷയത്തില്‍ അടിയന്തര പ്രാധാന്യമില്ലെന്നും അതിനാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. 

Tags:    

Similar News