ഭാര്യയുടെ ചെലവുകൂടി വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്റെ ആവശ്യം തള്ളി

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഇല്ലാത്ത അവകാശം പി.എസ്.സി ചെയര്‍മാനു മാത്രം അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റ നിലപാട്. ഇക്കാര്യം പൊതുഭരണ വകുപ്പ് പി.എസ്.സി സെക്രട്ടറിയെ രേഖാമൂലം അറിയിക്കും.

Update: 2019-07-02 09:00 GMT

തിരുവനന്തപുരം: ഔദ്യോഗികയാത്രയില്‍ ഒപ്പമുള്ള ഭാര്യയുടെ ചെലവു കൂടി വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. മന്ത്രിമാര്‍ക്ക് പോലും നല്‍കാത്ത ആനുകൂല്യം ചെയര്‍മാന് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ ആനുകൂല്യം ലഭിക്കുമെന്ന ചെയര്‍മാന്റെ വാദവും അംഗീകരിച്ചില്ല.

പി.എസ്.സി ചെയര്‍മാനുവേണ്ടി മാത്രം ഇളവു നല്‍കാനാവില്ലെന്ന് കുറിച്ച് ഫയല്‍ പൊതുഭരണ വകുപ്പിനു കൈമാറി. ആവശ്യമെങ്കില്‍ ചെയര്‍മാന്റെ ഭാര്യക്ക് കൂടി ക്ഷണമുള്ള സമ്മേളനങ്ങളില്‍ ചെലവ് പരിഗണിക്കാമെന്നും ഫയലില്‍ കുറിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഇല്ലാത്ത അവകാശം പി.എസ്.സി ചെയര്‍മാനു മാത്രം അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റ നിലപാട്. ഇക്കാര്യം പൊതുഭരണ വകുപ്പ് പി.എസ്.സി സെക്രട്ടറിയെ രേഖാമൂലം അറിയിക്കും.

ഇതര സംസ്ഥാനങ്ങളിലെല്ലാം ചെയര്‍മാന് ഒപ്പം അനുഗമിക്കുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. സംസ്ഥാനം ഇക്കാര്യം മാതൃകയാക്കണമെന്നായിരുന്നു ചെയർമാനായ എം കെ സക്കീറിന്റെ ആവശ്യം. ഇനി സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുകയല്ലാതെ പി.എസ്.സി ചെയര്‍മാനു മുന്നില്‍ മറ്റ് മാര്‍ഗമില്ല.

നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്. പി.എസ്.സിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്.

Tags:    

Similar News