പി എസ് സി ബുള്ളറ്റിനിലെ വിവാദമായ പരാമർശം പിൻവലിച്ചു; മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി

കാംപസ് ഫ്രണ്ട് ഉൾപ്പടെയുള്ള വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ന് ചേര്‍ന്ന പി എസ് സിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.

Update: 2020-05-11 09:15 GMT

തിരുവനന്തപുരം: പി എസ്‍ സി ബുള്ളറ്റിനിലെ വിവാദമായ ചോദ്യാവലി തയ്യാറാക്കിയ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി. ബുള്ളറ്റിനിലെ വിവാദമായ പരാമർശങ്ങൾ പിൻവലിച്ചതായും പി എസ്‍ സി വാർത്താക്കുറിപ്പിൽ അറിയിച്ചു. എഡിറ്റോറിയല്‍ വിഭാഗത്തിലെ മൂന്ന് ജീവനക്കാരെയാണ് മാറ്റിയത്. ഇവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാവും. ഡൽഹിയിലെ തബ്‍ലീഗ് സമ്മേളനം കൊവിഡ് പകരാൻ കാരണമായെന്നായിരുന്നു ബുള്ളറ്റിനിലെ പരാമര്‍ശം.

ഇതിനെതിരെ കാംപസ് ഫ്രണ്ട് ഉൾപ്പടെയുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഇന്ന് ചേര്‍ന്ന പി എസ് സിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. പി എസ് സിയുടെ നിലപാടിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംഘപരിവാർ അജണ്ടയാണ് പി എസ് സി നടപ്പാക്കുന്നതെന്ന് വിവിധ കോണുകളിൽ നിന്നും ആരോപണമുയർന്നു. കൊവിഡ് പടർത്തിയത് ഡൽഹിയിലെ തബ്ലീഗ് സമ്മേളനമാണെന്ന പ്രചരിപ്പിച്ച പി എസ് സിയുടെ ബുള്ളറ്റിൻ പട്ടത്തുള്ള  ആസ്ഥാനത്തിന് മുന്നിൽ കാംപസ് ഫ്രണ്ട് പ്രവർത്തകർ കത്തിക്കുകയും ചെയ്തു. കെ എസ് യു, എംഎസ്എഫ് പ്രവർത്തകരും പ്രതിഷേധിച്ചു.


ബുള്ളറ്റിനിൽ അനുചിതവും വസ്തുതാ വിരുദ്ധവുമായ വിവരം ഉൾപ്പെട്ടതിൽ നിർവ്യാജം ഖേദിക്കുന്നതായി പി എസ് സി അറിയിച്ചു. ബുള്ളറ്റിനിൽ കടന്നു കൂടിയ പിഴവിന് യാതൊരു നീതികരണവുമില്ല. കാരണക്കാരായ പി എസ് സി പബ്ലിക് റിലേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരെ ബുള്ളറ്റിനിൻ്റെ പ്രസിദ്ധീകരണ ചുമതലയിൽ നിന്നൊഴിവാക്കി അച്ചടക്ക നടപടിയെടുക്കും. വസ്തുതാ വിരുദ്ധമായ വിവരം ബുള്ളറ്റിനിൻ്റെ ലക്കത്തിൽ നിന്നും നീക്കിയിട്ടുണ്ടെന്നും പി എസ് സി അറിയിച്ചു.

പി എസ് സി ഔദ്യോഗികമായി പുറത്തിറക്കുന്ന ബുള്ളറ്റിനിലാണ് ഡല്‍ഹിയിലെ കൊവിഡ് വ്യാപനത്തിനു പിന്നില്‍ തബ് ലീഗ് ജമാഅത്താണെന്ന വാദം നിരത്തിയിട്ടുള്ളത്. 2020 ഏപ്രില്‍ 15നു പുറത്തിറങ്ങുന്ന വോള്യം നമ്പര്‍ 31ലാണ് വിവാദ പരാമര്‍ശമുള്ളത്. ബുള്ളറ്റിനിലെ പൊതുവിവരങ്ങള്‍ സംബന്ധിച്ച സമകാലികം എന്ന ശീര്‍ഷകത്തില്‍ എ ശ്രീകുമാറും ബി രാജേഷ് കുമാറും തയ്യാറാക്കിയ വിവരങ്ങളിലാണ് തബ് ലീഗ് ജമാഅത്തിനെ കുറിച്ച് പരാമര്‍ശമുള്ളത്. 19ാം നമ്പറില്‍ നല്‍കിയ ചോദ്യാവലിയില്‍ 'രാജ്യത്തെ നിരവധി പൗരന്‍മാര്‍ക്ക് കൊവിഡ് 19 ബാധയേല്‍ക്കാന്‍ കാരണമായ തബ് ലീഗ് മതസമ്മേളനം നടന്നത്‌നിസാമുദ്ദീന്‍' എന്നാണു നല്‍കിയിരിക്കുന്നത്.

Tags:    

Similar News