മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ വസതിയിലേക്ക് പ്ലാച്ചിമട സമര സമിതിയുടെ പ്രതിഷേധ മാര്‍ച്ച്

Update: 2019-09-09 09:28 GMT

ചിറ്റൂര്‍: പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ ബില്‍ നിയമസഭയില്‍ വെയ്ക്കാതെ പ്ലാച്ചിമട ഇരകള്‍ക്ക് കോളക്കമ്പനി നല്‍കേണ്ട 216 കോടി രൂപ വൈകിപ്പിക്കുകയും, സിഎസ്ആര്‍ പദ്ധതിയുടെ പേരില്‍ കൊക്കകോളയെ പ്ലാച്ചിമടയില്‍ വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്നതിലും പ്രതിഷേധിച്ച് പ്ലാച്ചിമട സമര സമിതിയും ഐക്യദാര്‍ഢ്യ സമിതിയും ജലവിഭവവകുപ്പ് മന്ത്രി കെകൃഷ്ണകുട്ടിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് വണ്ടിത്താവളം പള്ളിമുക്കില്‍ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനത്തിന് പ്ലാച്ചിമട സമരസമിതി ജനറല്‍ കണ്‍വീനര്‍ ശക്തിവേല്‍, ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് മാരിയപ്പന്‍ നീലിപ്പാറ, അംബേദ്കര്‍ സാംസ്‌കാരികവേദിയുടെ അജിത്ത് കൊല്ലങ്കോട്, പട്ടികജാതി-വര്‍ഗ സംരക്ഷണ മുന്നണി ജനറല്‍ സെക്രെട്ടറി മായാണ്ടി നേതൃത്വം നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയനും ജലവകുപ്പ് മന്ത്രി കെ കൃഷ്ണകുട്ടിയുമാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ ബില്‍ മനപ്പൂര്‍വം വൈകിക്കുന്നത്. അത് കൊണ്ടാണ് സ്ഥലം എംഎല്‍എ കൂടിയായ ജലവകുപ്പ് മന്ത്രി കെ കൃഷ്ണകുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നത്. വിഷയത്തില്‍ ഇനിയും നടപടിയെടുക്കാതിരുന്നാല്‍ സമരം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കുമെന്ന് സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കുമെന്ന വാഗ്ദാനം നല്‍കി പ്ലാച്ചിമടക്കാരെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളും കുട്ടികളടക്കമുള്ള നൂറിലധികം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പ്ലാച്ചിമട ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളിലെ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. 

Tags: