ജാമിയാ മില്ലിയ: സംസ്ഥാനത്തുടനീളം രാപ്പകൽ ഭേദമില്ലാതെ പ്രതിഷേധം

രാജ്ഭവനിലേക്കുള്ള എസ്ഡിപിഐ മാർച്ചിന് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞ ശേഷമായിരുന്നു പോലിസ് പ്രവർത്തകരെ നേരിട്ടത്.

Update: 2019-12-16 06:45 GMT

തിരുവനന്തപുരം: ഡൽഹി ജാമിയാ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലിസ് നടത്തിയ അതിക്രമത്തിൽ കേരളത്തിലും ശക്തമായ പ്രതിഷേധം. സംസ്ഥാനത്ത് ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച പ്രതിഷേധം ഇന്നും തുടരുകയാണ്. എസ്ഡിപിഐ, കാംപസ് ഫ്രണ്ട്, ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, എസ്എഫ്ഐ, യൂത്ത് ലീഗ് പ്രവര്‍ത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച കാംപസ് ഫ്രണ്ട് പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു.Full View

തലസ്ഥാനത്തു രാത്രി പ്രതിഷേധക്കാര്‍ രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി. എസ്ഡിപിഐ, ഡിവൈഎഫ്ഐ, കെ.എസ്.യു പ്രവര്‍ത്തകരാണ് മാര്‍ച്ചിനു നേതൃത്വം നല്‍കിയത്. എസ്ഡിപിഐ മാർച്ചിന് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞ ശേഷമായിരുന്നു പോലിസ് പ്രവർത്തകരെ നേരിട്ടത്. സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ അഷ്റഫ് പ്രാവച്ചമ്പലം, ഷബീർ ആസാദ്, ജലീൽ കരമന നേതൃത്വം നൽകി.

രാജ്ഭവനിലേക്ക് പ്രതിഷേധമുമായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ബിഷപ്പു ഹൗസിനു സമീപം പോലിസ് തടഞ്ഞു. തുടര്‍ന്നു പോലിസുമായി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു. പന്ത്രണ്ടര മണിയോടെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ചു നടത്തിയത്. രാജ്ഭവനു സമീപം മാര്‍ച്ച് പോലിസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. സംസ്ഥാനത്തുടനീളം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം തുടരുകയാണ്. രാജ്ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ് ഇന്നു പ്രതിഷേധം സംഘടിപ്പിക്കും. വൈകുന്നേരം 7 മണി മുതൽ നാളെ രാവിലെ 7 മണി വരെ നടക്കുന്ന പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Tags:    

Similar News