പൗരത്വനിഷേധത്തിനെതിരേ പിഡിപി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്നതും മഹത്തായ ഭരണഘടനയുടെ അന്തസ്സത്ത പിച്ചിച്ചീന്തുന്നതുമായ പൗരത്വ നിഷേധം മതവിവേചനത്തോടെ നടപ്പാക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

Update: 2020-01-01 13:32 GMT

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധവും മതവിവേചനം നിറഞ്ഞതുമായ പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നും ജനിച്ചുവളര്‍ന്ന രാജ്യത്ത് ജീവിച്ചിരിക്കുന്ന പൗരന്‍മാര്‍ തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ദേശിയ പൗരത്വ രജിസ്റ്റര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പിഡിപി സംസ്ഥാന കമ്മിറ്റി രാജ്ഭവനിലേക്ക് നടത്തിയ ബഹുജനമാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്നതും മഹത്തായ ഭരണഘടനയുടെ അന്തസ്സത്ത പിച്ചിച്ചീന്തുന്നതുമായ പൗരത്വ നിഷേധം മതവിവേചനത്തോടെ നടപ്പാക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.


 പ്രസ്‌ക്ലബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് രാജ്ഭവന് മുന്നില്‍ മാര്‍ച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് മഅ്ദനിയുടെ നിര്‍ദേശപ്രകാരം ഭരണഘടനയുടെ ആമുഖം മഅ്ദനിയുടെ മകന്‍ സ്വലാഹുദീന്‍ അയ്യൂബി വായിച്ചു. പ്രതിഷേധ സമ്മേളനം ജനതാദള്‍ (സെക്യുലര്‍) ദേശീയ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ഏജന്റിനെ പോലെയാണ് സംസ്ഥാനത്ത് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും മര്യാദയുടെ സര്‍വസീമകളും ലംഘിക്കുകയാണെന്നും പദവിക്ക് നിരക്കാത്ത നിലയില്‍ സംഘപരിവാരത്തിന്റെ ന്യായീകരണ തൊഴിലാളിയാവുന്നത് വഹിക്കുന്ന പദവിയോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. ലോകമനസ്സാക്ഷിയെ പോലും ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളാണ് യുപിയില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ജനാധിപത്യഭരണസംവിധാനം നിലവിലുള്ള രാജ്യത്ത് ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന വംശീയ ഉന്‍മൂലന നീക്കങ്ങള്‍ക്കെതിരേ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുണ്ടാവേണ്ടതുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പൗരത്വവിഷയത്തില്‍ തുടരുന്ന ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണം. കേട്ടുകേള്‍വി പോലുമില്ലാത്ത നിലയില്‍ സേനാമേധാവികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് കര്‍ശനമായി തടയാന്‍ നടപടിയെടുക്കാനും തയ്യാറാവണം. പൗരത്വ നിഷേധത്തിനെതിരേ ജനാധിപത്യമാര്‍ഗത്തില്‍ നടക്കുന്ന ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്നതും പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മുസ്‌ലിം വിഭാഗത്തെ കൊന്നൊടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും വീടുകളില്‍നിന്ന് അടിച്ചിറക്കുകയും ചെയ്യുന്ന യുപി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍- പോലിസ്- സംഘ് തേര്‍വാഴ്ചയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.

വര്‍ക്കല രാജ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി പി ജോണ്‍(സിഎംപി), പി ആര്‍ സിയാദ് (എസ്ഡിപിഐ), ടി മുഹമ്മദ് വേളം (ജമാഅത്തെ ഇസ്‌ലാമി), സൈഫുദീന്‍ ഹാജി, പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി, സുധീഷ് കണ്ണാടി, തടിക്കാട് സഈദ് മൗലവി, ഭാസുരേന്ദ്രബാബു, പുനലൂര്‍ ജലീല്‍, ഷംസീര്‍ ഇബ്രാഹിം, അബ്ദുല്‍ മജീദ് നദ്‌വി, അലിയാര്‍ കോതമംഗലം, സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, അഡ്വ.മുട്ടം നാസര്‍, മണക്കാട് സഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിഡിപി നേതാക്കളായ മജീദ് ചേര്‍പ്പ്, അഡ്വ. സിറാജ്, യുസുഫ് പാന്ത്ര, സലിം ബാബു, മൈലക്കാട് ഷാ, ശികുമാരി വര്‍ക്കല, ജഅ്ഫര്‍ അലി ദാരിമി രാജിമണി തുടങ്ങിയവര്‍ പ്രതിഷേധറാലിക്ക് നേതൃത്വം നല്‍കി. നടയറ ജബ്ബാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

Tags:    

Similar News