'സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചു'; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ഹൈക്കോടതിയില്‍ ഹരജി

Update: 2024-04-22 12:31 GMT

കൊച്ചി: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇതു സംബന്ധിച്ചു പരാതി നല്‍കിയിട്ടും വരണാധികാരി നടപടികള്‍ സ്വീകരിക്കാതെ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു എന്നുമാണ് ഹരജിയില്‍ പറയുന്നത്. ഇതു നിയവിരുദ്ധമാണന്നും പരാതിയില്‍ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാവ് ആവണി ബെന്‍സല്‍, ബെംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവര്‍ ഹരജി നല്‍കിയിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖര്‍ വീടിന്റെയും കാറിന്റെയും വിവരങ്ങള്‍ മറച്ചു വച്ചു എന്നും ഓഹരികളുടെ വില കുറച്ചു കാണിച്ചുവെന്നും ഹരജിയില്‍ ആരോപിക്കുന്നു. 2018ല്‍ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോഴും എന്‍ഡിഎ സ്ഥാനാര്‍ഥി ഇതേ കാര്യം ചെയ്തു എന്നും ഹരജിയില്‍ പറയുന്നു. പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്ത് ലഭിക്കുന്ന പരാതികള്‍ എല്ലാം പരിഗണിച്ചു വേണം ഒരു പത്രിക സ്വീകരിക്കുകയോ തള്ളുകയോ ചെയ്യേണ്ടത്. അതിന്റെ കാരണവും കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഇവിടെ വരണാധികാരി അത്തരം നടപടികളിലേക്ക് കടക്കാതെയാണ് പത്രിക സ്വീകരിച്ചത്. അതിനാല്‍ തങ്ങളുടെ പരാതിയില്‍ 2 ദിവസത്തിനുള്ളില്‍ ഉത്തരവ് പാസ്സാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

പരാതി നല്‍കിക്കഴിഞ്ഞാല്‍ അതു സംബന്ധിച്ച് രേഖാമൂലമുള്ള മറുപടി നല്‍കണം എന്നാണ് നിയമം. എന്നാല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ തങ്ങളുടെ പരാതിയില്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു എന്ന് പിന്നീടാണ് അറിഞ്ഞത്. ഇത്തരത്തില്‍ തെറ്റായ സത്യവാങ്മൂലങ്ങള്‍ക്കെതിര പരാതിപ്പെടുന്നവര്‍ക്ക് മറുപടി നല്‍കാതിരിക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും ജില്ലാ കലക്ടര്‍ക്കും അധികാരമുണ്ടോ എന്നറിയേണ്ടതുണ്ടെന്ന് ഹരജിയില്‍ പറയുന്നു.




Tags:    

Similar News