ഗോഡ്‌സെ അഭിമാനമെന്ന് കമന്റിട്ട പ്രൊഫസര്‍ ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണം: ഡിവൈഎഫ്‌ഐ

Update: 2024-02-03 18:19 GMT
ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു എന്ന് പറഞ്ഞ് സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ച അധ്യാപിക ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗോഡ്‌സേയെ പുകഴ്ത്തി കൊണ്ട് സംഘപരിവാര്‍ അനുകൂലിയായ വ്യക്തി ഇട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് ഗാന്ധിയെ കൊന്നു ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സേ അഭിമാനമാണെന്ന അര്‍ത്ഥത്തില്‍ ഷൈജ ആണ്ടവന്‍ കമന്റിട്ടത്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വ ഭീകരന്‍ ഗോഡ്‌സെക്ക് വീര പരിവേഷം നല്‍കി ഗാന്ധിജിയെ അധിക്ഷേപിച്ച് രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ഭിന്നതയും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് രാജ്യദ്രോഹപരവും ചരിത്രത്തോടുള്ള അവഹേളനവുമാണ്-സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.




Tags:    

Similar News