സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറി മാഫിയകള്‍ക്കെതിരായ റിപ്പോര്‍ട്ടിലെ നടപടികള്‍ മുടങ്ങി

മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ക്വാറി മാഫിയയുടെ ഖനനത്തില്‍ കോടികളുടെ പിഴയാണ് സര്‍ക്കാരിന് കിട്ടാനുള്ളത്. നാല് ക്വാറികള്‍ക്കെതിരെ പിഴ ശിക്ഷ വിധിച്ചിരുന്നെങ്കിലും പിഴ അടച്ചത് ഒരു ക്വാറി ഉടമ മാത്രമാണ്.

Update: 2020-08-28 06:45 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറി മാഫിയകള്‍ക്കെതിരായ റിപ്പോര്‍ട്ടിലെ നടപടികള്‍ മുടങ്ങി. മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ക്വാറി മാഫിയയുടെ ഖനനത്തില്‍ കോടികളുടെ പിഴയാണ് സര്‍ക്കാരിന് കിട്ടാനുള്ളത്. നാല് ക്വാറികള്‍ക്കെതിരെ പിഴ ശിക്ഷ വിധിച്ചിരുന്നെങ്കിലും പിഴ അടച്ചത് ഒരു ക്വാറി ഉടമ മാത്രമാണ്.

സര്‍ക്കാര്‍ ലീസിന് നല്‍കിയ ഭൂമിയില്‍ നടക്കുന്ന അനധികൃത ഖനനം സംബന്ധിച്ച് 2013 ലാണ് ദേവികുളം സബ്‌ കലക്‌ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. നാല് ക്വാറികളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും ഇവരില്‍ നിന്ന് പിഴ ഈടാക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. കൊന്നത്തടി പഞ്ചായത്തിലെ തിങ്കള്‍ക്കാട് പാറമടയില്‍ നിന്നും 87,000 ഘനമീറ്ററും, ചതുരംഗപ്പാറയില്‍ നിന്ന് 74000 ഘനമീറ്ററും, ചതുരംഗപ്പാറയിലെ സര്‍ക്കാര്‍ പുറംപോക്കില്‍ നിന്ന് 2800 ഘനമീറ്ററും ശാന്തൻപാറ പുത്തടിയില്‍ നിന്ന് 35,900 ഘനമീറ്റര്‍ പാറയുമാണ് അനധികൃതമായി പൊട്ടിച്ച് കടത്തിയത്. അനധികൃതമായി പൊട്ടിക്കുന്ന പാറയുടെ യഥാര്‍ഥ വിലയീടാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ടെങ്കിലും റോയല്‍റ്റിയുടെ ഇരട്ടി ഈടാക്കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. 48 രൂപ മാത്രമാണത്. ഇത്തരത്തില്‍ ഒരു ലോഡ് പാറപൊട്ടിച്ച് കടത്തിയാലും പിഴയിനത്തില്‍ നല്‍കേണ്ടത് വെറും 700 രൂപ മാത്രമാണ്. ഇതും കൃത്യമായി ഈടാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.

തുശ്ചമായ തുകവച്ച് കണക്ക് കൂട്ടിയാലും കോടികളാണ് ക്വാറി മാഫിയാ പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് നല്‍കാനുള്ളത്. സര്‍ക്കാര്‍ പദ്ധതിയില്‍ ഒരു വീട് വയ്ക്കാന്‍ പോലും കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന നാട്ടിലാണ് കോടിക്കണക്കിന് രൂപയുടെ അനധികൃത പാറ ഖനനം നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഖജനാവിലേക്കെത്തേണ്ട കോടികള്‍ പിരിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

Tags: