കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു

കുടിശ്ശികയായി 200 കോടി കിട്ടാനുണ്ടെന്നും ജൂലൈ 1 മുതൽ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്നും വ്യക്തമാക്കി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ സംസ്ഥാന സർക്കാരിന് കത്ത് നൽകി.

Update: 2020-06-28 08:45 GMT

തിരുവനന്തപുരം: സാധാരണക്കാരായ ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായിരുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു. കുടിശ്ശികയായി 200 കോടി കിട്ടാനുണ്ടെന്നും ജൂലൈ 1 മുതൽ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്നും വ്യക്തമാക്കി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ സംസ്ഥാന സർക്കാരിന് കത്ത് നൽകി. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന 188 ആശുപത്രികളാണ് പദ്ധതിയിൽ നിന്ന് പിൻമാറുന്നുവെന്ന് കാണിച്ച് സർക്കാരിന് കത്ത് നൽകിയത്.

കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികൾക്കും സ്വകാര്യമെഡിക്കൽ കോളജുകൾക്കും ഈ സാമ്പത്തിക വർഷം ഒരു രൂപ പോലും സർക്കാർ നൽകിയിട്ടില്ല. 200 കോടിയാണ് കുടിശിക. മാർച്ച് 31 മുൻപുള്ള തുകയും കുടിശികയാണ്. ഈ സാഹചര്യത്തിലാണ് പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന കർശനനിലപാടിലേക്ക് സ്വകാര്യ ആശുപത്രികളുടെ സംഘടന എത്തിച്ചേർന്നത്. കഴിഞ്ഞ ഡിസംബറിൽ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോൾ 30 ശതമാനം തുക സർക്കാർ നൽകിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കുടിശിക കിട്ടിയില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന ശക്തമായ നിലപാടിലാണ് സ്വകാര്യ ആശുപത്രികൾ.

Tags: