അനിശ്ചിതകാല പണിമുടക്ക്: സ്വകാര്യബസ്സുടമകളുമായി ഇന്ന് ഉച്ചയ്ക്ക് ഗതാഗതമന്ത്രി ചര്‍ച്ച നടത്തും

കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 22 മുതലാണ് സ്വകാര്യബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2019-11-18 03:49 GMT

തിരുവനന്തപുരം: അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യബസ്സുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 22 മുതലാണ് സ്വകാര്യബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് നിയമസഭയിലെ മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച.

മിനിമം നിരക്ക് 10 രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കുക, സ്വാശ്രയ, സ്വകാര്യസ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പൂര്‍ണമായും ഒഴിവാക്കുക, കെഎസ്ആര്‍ടിസിയിലും സ്വകാര്യബസ്സുകളിലും കണ്‍സഷന്‍ ഒരുപോലെയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യബസ്സുടമകളുടെ പണിമുടക്ക്.

ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നാണ് ബസ്സുടമകള്‍ പറയുന്നത്. ആവശ്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടര്‍നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ബസ്സുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. 

Tags:    

Similar News