സ്വകാര്യ ബസ് പണിമുടക്ക്; ബസ്സുടമകളുമായി ഇന്ന് രാത്രി ചര്‍ച്ച

Update: 2021-11-08 07:00 GMT

കോട്ടയം: ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ്സുടമാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. രാത്രി 10 മണിക്ക് കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ചയെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വിദ്യാര്‍ഥികളുടെ ഉള്‍പ്പടെയുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബസ്സുടമകളുടെ സംഘടന ആവശ്യപ്പെട്ടു. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസ്സുടമകളുടെ പ്രധാന ആവശ്യം.

വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം, കിലോ മീറ്ററിന് ഒരു രൂപയായി വര്‍ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു. ബസ്സുടമകളുടെ ആവശ്യം ന്യായമാണെന്നായിരുന്നു ഗതാഗത മന്ത്രിയുടെ നിലപാട്. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ ചാര്‍ജ് വര്‍ധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നും ആന്റണി രാജു നേരത്തെ പ്രതികരിച്ചിരുന്നു.

Tags: