നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു

നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിത കാലത്തേയ്ക്ക് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതാണെന്ന് അറിയിച്ച് ബസ്സുടമാ സംയുക്ത സമരസമിതി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

Update: 2020-03-10 10:45 GMT

തിരുവനന്തപുരം: നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഗതാാഗത മന്ത്രി ബസ്സുടമാ ഭാരവാഹികൾക്ക് നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം മാറ്റിവച്ചത്.

നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിത കാലത്തേയ്ക്ക് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതാണെന്ന് അറിയിച്ച് ബസ്സുടമാ സംയുക്ത സമരസമിതി സര്‍ക്കാരിന് കത്ത് നല്‍കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബസ്സുടമാ സംയുക്ത സമര സമതി ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.  

എന്നാല്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സംബന്ധിച്ച് നിലവിലുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.  അപ്രകാരം ഈ വിഷയം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ആരംഭിക്കുകയും ഇതുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുടെ ഭാഗം കേട്ടു വരികയുമാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കേണ്ടതുണ്ട്.  പൊതു ഗതാഗത രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റേജ് കാര്യേജുകളുടെ വാഹന നികുതി നിരക്ക് സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്.  ഇതുപോലുള്ള മറ്റ് അനുകൂല നടപടികളും സ്വീകരിച്ചുവരുന്നുണ്ട്.

സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യത്തില്‍ പൊതുഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെയധികം ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ട സമയമാണ്.  കൊറോണ രോഗത്തിന്റെ ഭീഷണി നേരിട്ടുവരുന്ന ഈ സമയത്ത് സംസ്ഥാന സര്‍ക്കാരിന്റെ നടപടികളുമായി ഇപ്പോള്‍ ബസ്സുടമകള്‍ സഹകരിക്കണമെന്ന് ഗതാഗത വകുപ്പുമന്ത്രി അഭ്യര്‍ത്ഥിച്ചു.  കൂടാതെ വിവിധ പരീക്ഷകള്‍ നടന്നുവരുന്ന സമയം കൂടി ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്ന സമര പരിപാടികളില്‍ നിന്നും ബസ്സുടമകള്‍ പിന്‍മാറണമെന്നും മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.


Tags: