സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ എത്രയെണ്ണം 15 വര്‍ഷം കഴിഞ്ഞതുണ്ടെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ തിങ്കളാഴ്ച്ച വിശദീകരണം നല്‍കണം. സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം 15 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് പി ഡി മാത്യു സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

Update: 2019-02-22 15:35 GMT

കൊച്ചി. സംസ്ഥാനത്ത് എത്ര സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും, അതില്‍ 15 വര്‍ഷം കഴിഞ്ഞ എത്ര ബസുകള്‍ ഉണ്ടെന്നും ഹൈക്കോടതി. ഇതു സംബ ന്ധിച്ച് സര്‍ക്കാര്‍ തിങ്കളാഴ്ച്ച വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം 15 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് പി ഡി മാത്യു അഡ്വ. പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയാലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്. സംസ്ഥാന ഗതാഗത കമ്മീഷന്റെ ഉത്തരവുകളും, വിദഗ്ദ സമിതിയുടെ പഠന റിപോര്‍ട്ടുകളും അവഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഹരജിയില്‍ ചൂണ്ടികാട്ടി. നിലവില്‍ 15 വര്‍ഷ കാലവധി 12 ആയി കുറയ്ക്കണമെന്ന വിദഗ്ദ സമിതി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചില്ല. പകരം ബസുടമകളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹരജിയില്‍ പറയുന്നു. ഉത്തരവിറക്കുന്നതിന് മുമ്പ് പൊതു ജനാഭിപ്രായം കേട്ടിരുന്നോ, ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചോ,എതിര്‍പ്പു പ്രകടിപ്പിച്ചവരെ ഹിയറിംഗ് നടത്തിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും കോടതി സര്‍ക്കാരിനോട് ചോദിച്ചു.ഹരജി തിങ്കളാഴ്ച്ച വീണ്ടും കോടതി പരിഗണിക്കും.

Tags:    

Similar News