അദീലയെ മാറ്റാനുള്ള സമ്മര്‍ദം ഫലിച്ചില്ല; വയനാട് സിപിഎമ്മില്‍ വിവാദം പുകയുന്നു

ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ ജില്ലയിലേക്ക് പ്രവേശിപ്പിക്കാനുള്ള ശുപാര്‍ശകള്‍ കലക്ടര്‍ നിരസിച്ചിരുന്നു. മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസ് വഴി വന്ന ഇത്തരം ചില ശുപാര്‍ശകളും കലക്ടര്‍ പരിഗണിച്ചിരുന്നില്ല.

Update: 2020-05-28 09:13 GMT

പി സി അബ്ദുല്ല

കല്‍പ്പറ്റ: കലക്ടര്‍ അദീല അബ്ദുല്ലയെ സ്ഥലം മാറ്റാനുള്ള വയനാട്ടിലെ സിപിഎം നേതാക്കളുടെ നീക്കം ഫലം കാണാത്തത് പാര്‍ട്ടി ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. മുതിര്‍ന്ന നേതാവ് കെ വി മോഹനന്റെ നേതൃത്വത്തില്‍ അദീല അബ്ദുല്ലയ്‌ക്കെതിരേ അടുത്തിടെ ആരംഭിച്ച പടയൊരുക്കങ്ങളാണ് വിഫലമായത്. കൊവിഡ് പ്രതിരോധത്തിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കാരണമാണ് സിപിഎം ജില്ലാ നേതൃത്വത്തിലെ ഒരുവിഭാഗത്തിന് കലക്ടറെ അനഭിമതയാക്കിയത്. ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ അടക്കുമുള്ളവര്‍ അദീലയെ മാറ്റണമെന്ന പക്ഷക്കാരനായിരുന്നു.

ജില്ലാ സെക്രട്ടറി നേരിട്ട് രംഗത്തിറങ്ങാതെ മുതിര്‍ന്ന നേതാവ് കെ വി മോഹനന്‍വഴി കരുക്കള്‍ നീക്കിയെന്നാണ് സൂചനകള്‍. കലക്ടര്‍ക്കെതിരേ വയനാട്ടിലെ സിപിഎം നേതാക്കള്‍ നേരിട്ടും അല്ലാതെയും മുഖ്യമന്ത്രിയെ പല ഘട്ടങ്ങളിലും പ്രതിഷേധം അറിയിച്ചിരുന്നു. ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ ജില്ലയിലേക്ക് പ്രവേശിപ്പിക്കാനുള്ള ശുപാര്‍ശകള്‍ കലക്ടര്‍ നിരസിച്ചിരുന്നു. മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസ് വഴി വന്ന ഇത്തരം ചില ശുപാര്‍ശകളും കലക്ടര്‍ പരിഗണിച്ചിരുന്നില്ല. ഇതൊക്കെയാണ് കലക്ടറെ മാറ്റാനുള്ള ചില സിപിഎം നേതാക്കളുടെ നീക്കങ്ങള്‍ക്ക് ആക്കംകൂട്ടിയത്.

എന്നാല്‍, ചീഫ് സെക്രട്ടറിയും ആരോഗ്യമന്ത്രിയും അദീല അബ്ദുല്ലയ്ക്ക് അനുകൂലമായി ശക്തമായി നിലയുറപ്പിച്ചത് കെ വി മോഹനനടക്കമുള്ളവര്‍ക്ക് തിരിച്ചടിയായി. വയനാടിന്റെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രനും ജില്ലയിലെ സിപിഎം എംഎല്‍എമാരായ സി കെ ശശീന്ദ്രനും ഒ ആര്‍ കേളുവും കലക്ടറെ പിന്തുണയ്ക്കുക കൂടി ചെയ്തതോടെ ഒരുവിഭാഗം പാര്‍ട്ടി നേതാക്കളുടെ മോഹം താല്‍ക്കാലികമായെങ്കിലും പൊലിഞ്ഞു. ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ അദീലയെ മാറ്റുമെന്ന പ്രചാരണം ജില്ലയിലെ സിപിഎം, എല്‍ഡിഎഫ് വൃത്തങ്ങളില്‍ സജീവമായിരുന്നു. കലക്ടറേറ്റ് ജീവനക്കാര്‍ക്കിടയിലും അതിന്റെ അലയൊലിയുണ്ടായി.

വയനാട്ടിലെ കരിങ്കല്‍ ക്വാറികള്‍ക്കെതിരേ കലക്ടര്‍ നിലപാട് കടുപ്പിച്ചതും ഇതരസംസ്ഥാന ലോബിയെ തളച്ചതും ചിലരുടെ എതിര്‍പ്പിനിടയാക്കി. വയനാട്ടിലെ രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന്റെ മറവിലാണ് സിപിഎമ്മിലെ ഒരുവിഭാഗം അദീല അബ്ദുല്ലയ്‌ക്കെതിരേ നീക്കം ശക്തമാക്കിയത്. ഇതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ജില്ലാ ഭരണകൂടത്തെ ആക്ഷേപിച്ചുകൊണ്ടുള്ള മുതിര്‍ന്ന നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാര്‍ട്ടി നിര്‍ദേശത്തെത്തുടര്‍ന്ന് കെ വി മോഹനന്‍ പോസ്റ്റിലെ ചില ഭാഗങ്ങളില്‍ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, പോസ്റ്റ് പൂര്‍ണമായി പിന്‍വലിക്കാതിരുന്നതിലൂടെ ജില്ലാ ഭരണകൂടത്തിനെതിരായ നീക്കം തുടരുമെന്ന സൂചനയാണ് പുറത്തുവന്നത്. കഴിഞ്ഞ നംവംബറിലാണ് അദീല വയനാട് ജില്ലാ കലക്ടറായി നിയമിതയായത്.

കൊവിഡ് പ്രതിരോധപ്രവര്‍ത്തന മികവിന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമടക്കമുള്ളവരുടെ പ്രശംസ ഇതിനകം അവര്‍ പിടിച്ചുപറ്റി. അതേസമയം, ഭരണപരമായ കടുത്ത നിലപാടുകളുടെ പേരില്‍ അദീല ഭരണകക്ഷിയിലെ തന്നെ ചിലരുടെ എതിര്‍പ്പ് നേരിടുന്നത് ഇതാദ്യമല്ല. ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടറായിരിക്കെ കൊച്ചിയിലെ പൊന്നുംവിലയുള്ള സര്‍ക്കാര്‍ ഭൂമികള്‍ കൈയേറിയവര്‍ക്കെതിരെയും സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരുടെ പട്ടിക ആവശ്യപ്പെട്ടുള്ള വിവരാവകാശരേഖ നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും കടുത്ത നിലപാട് സ്വീകരിച്ചതോടെ സിപിഎമ്മിനും അനഭിമതയായി. പിന്നീട് കേരള ലൈഫ് മിഷന്‍ സിഇഒ ആയി നിയമിതയായി.

പാവപ്പെട്ടവര്‍ക്കു വീടുനിര്‍മിക്കാനുള്ള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണത്തിനു കരാര്‍ നല്‍കുന്നതിനു വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്ത ഏക കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിക്കു കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ സിഇഒ സ്ഥാനത്തുനിന്നും നീക്കി. നീണ്ട അവധിക്കുശേഷം 2019 ജൂണില്‍ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിതയായി. ശേഷമാണ് വയനാട്ടിലെത്തിയത്. 

Tags:    

Similar News