കോളിഫോം ബാക്ടീരിയ സാന്നിധ്യം ; ആലപ്പുഴയില്‍ ഏഴ് ആര്‍ഒ പ്ലാന്റുകളിലെ വെള്ളംകുടിക്കാന്‍ യോഗ്യമല്ലെന്ന് പരിശോധന ഫലം

19 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.ജൂണ്‍ 26 മുതല്‍ മുതല്‍ ഇന്നു വരെ ആലപ്പുഴ നഗരപ്രദേശത്തുനിന്ന് 820 പേര്‍ വയറിളക്കം, ഛര്‍ദ്ദി രോഗലക്ഷണങ്ങളുമായി ചികില്‍സതേടി.

Update: 2021-07-16 13:08 GMT

ആലപ്പുഴ: ആലപ്പുഴയിലെ ആര്‍ ഒ പ്ലാന്റുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയില്‍ ഏഴ് ആര്‍ ഒ പ്ലാന്റുകളിലെ കുടിവെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തി. ഇവിടുത്തെ വെള്ളത്തില്‍കോളിഫോം ബാക്ടീരിയയുട സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുടിക്കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തിയത്.ആര്‍ഒ പ്ലാന്റുകളില്‍നിന്നുള്ള കുടിവെള്ളത്തിന്റെ 39 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ നിന്നാണ് ഏഴെണ്ണത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.19 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

വയറിളക്കം, ഛര്‍ദ്ദി രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ആലപ്പുഴ നഗരത്തിലെ 12,395 വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്തിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 1821 ഒ.ആര്‍.എസ്. പായ്ക്കറ്റുകള്‍ വിതരണം ചെയ്തു.ജലഅതോറിറ്റി പൈപ്പുകളില്‍നിന്നും വീടുകളില്‍നിന്നും ശേഖരിച്ച 21 സാമ്പിളുകളില്‍ ഏഴെണ്ണം കുടിയ്ക്കാന്‍ യോഗ്യമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഭക്ഷണപദാര്‍ഥങ്ങളുടെ ഏഴു സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ രോഗകാരികളായ സൂക്ഷ്മാണുക്കളെ കണ്ടെത്തിയിട്ടില്ല.

ജല അതോറിട്ടിയുടെ 30 സാമ്പിളുകള്‍ പരിശോധിച്ചു. പകുതിയിലേറെ സാമ്പിളുകളില്‍ നിര്‍ദിഷ്ട അളവില്‍ ക്ലോറിനില്ലെന്ന് കണ്ടെത്തി. മലത്തില്‍നിന്നുള്ള 16 സാമ്പിളുകള്‍ കള്‍ച്ചര്‍ പരിശോധന നടത്തിയെങ്കിലും രോഗകാരികളെ കണ്ടെത്താനായിട്ടില്ല. മഞ്ഞപ്പിത്ത പരിശോധനയ്ക്കായി 24 ഉം ടൈഫോയ്ഡ് പരിശോധനയ്ക്ക് ആറും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പരിശോധനഫലങ്ങള്‍ നെഗറ്റീവാണ്. ജൂണ്‍ 26 മുതല്‍ ഇന്നു വരെ ആലപ്പുഴ നഗരപ്രദേശത്തുനിന്ന് 820 പേര്‍ വയറിളക്കം, ഛര്‍ദ്ദി രോഗലക്ഷണങ്ങളുമായി ചികില്‍സതേടി.

Tags:    

Similar News