കോടതിയലക്ഷ്യക്കേസ്: പ്രീതാ ഷാജിയും ഭര്‍ത്താവും 100 മണിക്കൂര്‍ കിടപ്പ് രോഗികളെ ശുശ്രൂഷിക്കണമെന്ന് ഹൈക്കോടതി

ഇരുവരും 100 മണിക്കൂര്‍ വീതം കിടപ്പു രോഗികളെ വീടുകളിലെത്തി പരിചരിക്കണം.പ്രതിദിനം ആറു മണിക്കൂര്‍ സേവനം നടത്തണം.എറണാകുളം പാലിയേറ്റീവ് കെയര്‍ സംഘത്തിനൊപ്പമാണ് സേവനം നടത്തേണ്ടത്.ആശുപത്രി സൂപ്രണ്ട് ഇരുവരുടെയും സേവനം സംബന്ധിച്ച് ഹൈക്കോടതിക്ക് റിപോര്‍ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.നേരത്തെ ഇവരുടെ വീട് ബാങ്ക് ലേലം ചെയ്ത നടപടി നാളുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Update: 2019-03-19 14:23 GMT

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ പ്രീതാ ഷാജിയും ഭര്‍ത്താവ് ഷാജിയും സാമൂഹ്യ സേവനമായി 100 മണിക്കൂര്‍ വീതം കിടപ്പ് രോഗികളെ വീടുകളിലെത്തി ശുശ്രൂഷിക്കണമെന്ന് ഹൈക്കോടതി. സുഹൃത്തിന് ബാങ്കില്‍ നിന്നും വായ്പയെടുക്കാന്‍ ജാമ്യം നിന്ന് കടക്കെണിയിലായതോടെ കിടപ്പാടം ലേലം ചെയ്തതിനെ തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ അഭിഭാഷക കമ്മീഷനെയും ഉദ്യോഗസ്ഥരെയും തടഞ്ഞ നടപടി കോടതിയലക്ഷ്യമാണ് എന്നു കണ്ടെത്തിയാണ് ഇവര്‍ക്കെതിരെ കോടതി നടപടി സ്വീകരിച്ചത്.ഇരുവരും 100 മണിക്കൂര്‍ വീതം കിടപ്പു രോഗികളെ വീടുകളിലെത്തി പരിചരിക്കണം.പ്രതിദിനം ആറു മണിക്കൂര്‍ സേവനം നടത്തണം.എറണാകുളം പാലിയേറ്റീവ് കെയര്‍ സംഘത്തിനൊപ്പമാണ് സേവനം നടത്തേണ്ടത്.ആശുപത്രി സൂപ്രണ്ട് ഇരുവരുടെയും സേവനം സംബന്ധിച്ച് ഹൈക്കോടതിക്ക് റിപോര്‍ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.നേരത്തെ ഇവരുടെ വീട് ബാങ്ക് ലേലം ചെയ്ത നടപടി നാളുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോടതി നിര്‍ദേശ പ്രകാരം 43,51,362 രൂപ സ്വകാര്യ ബാങ്കില്‍ കെട്ടിവെച്ചും ഇവരുടെ വസ്തു ലേലത്തില്‍ എടുത്ത രതീഷ് എന്ന വ്യക്തിക്ക് 1,89,000 രൂപ നല്‍കിയുമാണ് വീടും സ്ഥലവും തിരിച്ചു പിടിച്ചത്.

1994 ല്‍ ഭര്‍ത്താവിന്റെ സുഹൃത്തിന് സ്വകാര്യ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കുന്നതിനായിരുന്നു വീടും സ്ഥലവും പ്രീതാ ഷാജി ഈടായി നല്‍കിയത്. വായ്പ അടവ് മുടങ്ങിയതോടെ വീടും സ്ഥലവും കടക്കെണിയില്‍ പെട്ടു. തുടര്‍ന്ന് ഒരു ലക്ഷം രൂപ ജാമ്യം നിന്ന ബാധ്യതയിലേക്ക് അടയ്ക്കുകയും ചെയ്തു.എന്നിട്ടും ബാങ്ക് ഇവരുടെ ബാക്കിയുണ്ടായിരുന്ന കോടികള്‍ വില വരുന്ന 18.5 സെന്റ് കിടപ്പാടം കേവലം 37.8 ലക്ഷം രൂപക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴി ലേലം ചെയ്തത്.തുടര്‍ന്നാണ് കിടപ്പാടം തിരികെ കിട്ടാന്‍ പ്രീതാ ഷാജിയും കുടുംബവും സമര രംഗത്തേയ്ക്കിറങ്ങിയത്. ഇവര്‍ക്ക് പിന്തുണയുമായി സര്‍ഫാസി വിരുദ്ധ സമിതി നേതാക്കളും രംഗത്തെത്തിയതോടെ പീന്നീട് പോരാട്ടത്തിന്റെ നാളുകളായിരുന്നു. ഇതിനൊടുവിലാണ് ഹൈക്കോടതി പ്രീതാഷാജിക്ക് വീട് തിരിച്ചു നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍ നേരത്തെ കോടതി ഉത്തരവ് ലംഘിച്ചതിനെതിരെയുള്ള കോടതിയലക്ഷ്യ നടപടിയുമായി കോടതി മുന്നോട്ടു പോകുകയായിരുന്നു. ഇതിനൊടുവിലാണ് ഇപ്പോള്‍ ഇരുവരും സാമൂഹ്യ സേവനം നടത്തണമെന്നു കാട്ടി കോടതി ഉത്തരവിട്ടത്.കോടതി ഉത്തരവ് ലംഘിക്കുന്നത് സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നതെന്നു വ്യക്തമാക്കിയാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തിരിക്കുന്നത്.

കോടതി തങ്ങള്‍ക്ക് നീതി നടത്തി തന്നെ സാഹചര്യത്തില്‍ കോടതിയലക്ഷ്യക്കേസില്‍ കോടതിയുടെ ഉത്തരവ് തങ്ങള്‍ പാലിക്കും.ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് എന്നു മുതലാണോ സേവനം നടത്തേണ്ടത് അന്നു മുതല്‍ തങ്ങള്‍ ഇരുവരും സേവനം ആരംഭിക്കുമെന്ന് പ്രീതാ ഷാജിയുടെ ഭര്‍ത്താവ് ഷാജി തേജസ് ന്യൂസിനോട് പറഞ്ഞു.


Tags:    

Similar News