പകര്‍ച്ചവ്യാധി: ക്യാമ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പൈപ്പ് വെള്ളമായാലും തിളപ്പിച്ചതിന് ശേഷം കുടിക്കുക, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക
തിരുവനന്തപുരം:പ്രളയബാധിത പ്രദേശങ്ങളില്‍ നിലവിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ പകരുന്നത് തടയുന്നതിനായി ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പൈപ്പ് വെള്ളമായാലും തിളപ്പിച്ചതിന് ശേഷം കുടിക്കുക, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക, ആഹാരത്തിനു മുമ്പും ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈകള്‍ സോപുപയോഗിച്ച് വൃത്തിയായി കഴുക്കുക, പാത്രം കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക, പഴകിയതും തുറന്ന് വച്ചതുമായ ആഹാര സാധനങ്ങള്‍ കഴിക്കാതിരിക്കുക, ആഹാരസാധനങ്ങള്‍ ഈച്ചകള്‍ കടക്കാത്ത വിധം മൂടിവെയ്ക്കുക, വയറിളക്കമുണ്ടായാല്‍ ഒആര്‍എസ് ലായനി കുടിക്കുക, മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന എലിപ്പനിക്കുള്ള പ്രതിരോധ ഗുളികകള്‍ കഴിക്കുക, പനിയുണ്ടാകുമ്പോള്‍ സ്വയം ചികിത്സ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
വൈറല്‍പനി, ചിക്കന്‍പോക്സ് മറ്റു പകര്‍ച്ചവ്യാധികള്‍ എന്നിവ തടയുന്നതിനായി തുമ്മുമ്പോഴും ചുമക്കുമ്പോഴും വായയും മൂക്കും തൂവാലയുപയോഗിച്ച് മറയ്ക്കണം. കൊതുകുകടി ഏല്‍ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ അത് മുടക്കരുത്. മാലിന്യങ്ങള്‍ വൃത്തിയായി ചാക്കില്‍കെട്ടി മഴ നനയാതെ സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിഎംഒ അഭ്യര്‍ത്ഥിച്ചു.