കെഎസ്ഇബിയിലെ പോരില്‍ വൈദ്യുതി മന്ത്രി ഇടപെടുന്നു; സമരക്കാരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും

Update: 2022-04-15 09:53 GMT

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും സമരക്കാരും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി ഇടപെടുന്നു. സമരക്കാരുമായി മന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്തും. ഭാരവാഹികള്‍ സന്നദ്ധരായാല്‍ ചര്‍ച്ചയാവാമെന്ന് മന്ത്രി അറിയിച്ചു. തിങ്കളാഴ്ച മന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും ചര്‍ച്ച. നേരത്തെ മന്ത്രിതല ചര്‍ച്ചയുടെ ആവശ്യമില്ലെന്നായിരുന്നു കൃഷ്ണന്‍കുട്ടിയുടെ നിലപാട്. എന്നാല്‍, എല്‍ഡിഎഫ്, സിപിഎം നേതൃത്വങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി ഇടപെടുന്നതെന്നാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തലത്തില്‍ സമരം പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ ബോര്‍ഡ് ചെയര്‍മാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും നേരിട്ട് ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷനാണ് ചെയര്‍മാനും സംഘടനയും തമ്മിലുള്ള പോരിന് തുടക്കം കുറിച്ചത്.

Tags: