അറ്റകുറ്റപ്പണി: മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതോൽപാദനം ഇന്നുമുതല്‍ പൂര്‍ണമായും നിര്‍ത്തുന്നു

ജനറേറ്ററുകളിലെ കൂളിങ് സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനാണ് മൂന്ന് ജനറേറ്ററുകള്‍കൂടി പ്രവര്‍ത്തനം നിര്‍ത്തുന്നത്.

Update: 2019-12-10 07:41 GMT

മൂലമറ്റം: അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം ഇന്നു മുതല്‍ പൂര്‍ണമായും നിര്‍ത്തുന്നു. ജനറേറ്ററുകളിലെ കൂളിങ് സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനാണ് മൂന്ന് ജനറേറ്ററുകള്‍കൂടി പ്രവര്‍ത്തനം നിര്‍ത്തുന്നത്. 130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ രണ്ടെണ്ണം നേരത്തെ വാര്‍ഷിക അറ്റകുറ്റപണിക്കും ഒരെണ്ണം നവീകരണത്തിനുമായി നിര്‍ത്തിയിരുന്നു. ഇന്ന് മൂന്നെണ്ണത്തിന്റെ കൂടി പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ ഇടുക്കി പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കും.

17ന് വൈകിട്ടോടെ ഓരോ ജനറേറ്ററുകള്‍ വീതം പ്രവര്‍ത്തിപ്പിച്ച് തുടങ്ങുമെന്നാണ് വിവരം. പുറത്തുനിന്ന് വില കുറച്ച് വൈദ്യുതി ലഭിക്കുന്നതിനാല്‍ വൈദ്യുതി വിതരണത്തില്‍ തടസമുണ്ടാകില്ലെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. 780 മെഗാവാട്ടാണ് ഇടുക്കിയുടെ മൊത്തം ഉത്പാദന ശേഷി. നിലവില്‍ 76.57 ശതമാനം വെള്ളം ഇടുക്കി സംഭരണിയില്‍ അവശേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദന ശേഷിയുടെ ഏതാണ്ട് പാതിയോളം ഇടുക്കിയുടെ സംഭാവനയാണ്.

Tags: