വെജിറ്റേറിയന്‍ സദ്യയില്‍ പോര്‍ക്കും ബീഫും മീനും; ഇതാണ് റിയല്‍ കേരളാ സ്റ്റോറി: പ്രകാശ് രാജ്
കൊച്ചി: വിവാദമായ 'ദ കേരളാ സ്റ്റോറി' ചിത്രത്തിന്റെ രണ്ടാംഭാഗത്തിലെ ട്രെയ്ലറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വീണ്ടും പരോക്ഷപ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. വെജിറ്റേറിയന്‍ സദ്യയില്‍ പോര്‍ക്കും ബീഫും മല്‍സ്യവും ഒന്നിച്ച് നില്‍ക്കുന്നതാണ് റിയല്‍ കേരളാ സ്റ്റോറിയെന്ന് പ്രകാശ് രാജ് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. വിഭവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ഞായറാഴ്ച പങ്കുവെച്ച പോസ്റ്റിലായിരുന്നു നടന്റെ പരാമര്‍ശം.
'പോര്‍ക്കും ബീഫും മല്‍സ്യവും വെജിറ്റേറിയന്‍ സദ്യയില്‍ ഒന്നിച്ചുചേരുന്നതും അവരെല്ലാം സമാധാനപരമായി ജീവിക്കുന്നതുമാണ് യഥാര്‍ഥ കേരളാ സ്റ്റോറി, രുചിച്ചുനോക്കൂ', എന്നായിരുന്നു പ്രകാശ് രാജിന്റെ കുറിപ്പ്. ചിത്രത്തിന്റെ ട്രെയ്ലര്‍ വിവാദമായതിന് പിന്നാലെ കഴിഞ്ഞദിവസും പ്രകാശ് രാജ് സമാനകുറിപ്പ് പങ്കുവെച്ചിരുന്നു. 'യഥാര്‍ഥ കേരളാ സ്റ്റോരി ഇങ്ങനെയാണ്, 'കൊതിപ്പിക്കുന്ന രുചിയാത്രയില്‍, കേരളത്തിന്റെ സ്വാദിഷ്ടമായ സിറിയന്‍ ക്രിസ്ത്യന്‍ ബീഫ് ഫ്രൈയുടേയും കോക്കനട്ട് ബീഫിന്റേയും പൈതൃകവും സംസ്‌കാരവും കൂടിച്ചേര്‍ന്നിരിക്കുന്നു. ദയവായി പരീക്ഷിച്ചുനോക്കൂ', എന്നായിരുന്നു കഴിഞ്ഞദിവസം കുറിച്ചത്.
കഴിഞ്ഞദിവസമാണ് ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ദ കേരള സ്റ്റോറി 2 എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഹിന്ദു പെണ്‍കുട്ടിയെ ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗമുള്‍പ്പെടെ ടീസറിലുണ്ടായിരുന്നു. വലിയ പ്രതിഷേധവും പരിഹാസവുമായിരുന്നു ഇതോടെ ടീസറിനെതിരെ ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയിലും ചിത്രത്തിന്റെ ഉള്ളടക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. സിനിമയ്ക്കെതിരേ അതിരൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.