ഫാഷിസത്തിനെതിരേ ജനകീയ ചെറുത്തുനില്‍പ്പ് അനിവാര്യം: കരമന അഷ്‌റഫ് മൗലവി

ആര്‍എസ്എസ്സിനെ എതിര്‍ക്കുന്ന ഒറ്റക്കാരണം കൊണ്ടാണ് പോപുലര്‍ ഫ്രണ്ടിനെതിരേ സംഘപരിവാര്‍ ഭരണകൂടം മുഴുവന്‍ സംവിധാനങ്ങളുമായി രംഗത്തുവരുന്നത്. എന്നാല്‍, സംഘപരിവാര അജണ്ടകള്‍ക്കെതിരായ സമരത്തില്‍ പോപുലര്‍ ഫ്രണ്ട് എപ്പോഴും മുന്നില്‍തന്നെ ഉണ്ടാവുമെന്നും കരമന അഷ്‌റഫ് മൗലവി പറഞ്ഞു.

Update: 2021-02-17 13:34 GMT

കാഞ്ഞിരപ്പള്ളി (കോട്ടയം): ഫാഷിസത്തിനെതിരേ ജനകീയ ചെറുത്തുനില്‍പ്പ് അനിവാര്യമായി മാറിയിരിക്കുകയാണെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി. 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് സ്ഥാപനക ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


  ഫാഷിസ്റ്റുകളെ എതിര്‍ക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്തുന്ന സമീപനങ്ങളാണ് സംഘപരിവാര്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ യുപിയില്‍ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തടവില്‍ വച്ചിരിക്കുകയായിരുന്നു. ഇന്നിപ്പോള്‍ കള്ളക്കഥകള്‍ മെനഞ്ഞ് യുപി പോലിസ് അവരെ അറസ്റ്റുചെയ്തിരിക്കുന്നു എന്ന വാര്‍ത്തയാണ് വരുന്നത്. സംഘപരിവാറിന്റെ പ്രത്യക്ഷ വിളനിലമായി യുപി ഭരണകൂടം മാറിയിരിക്കുകയാണ്.


 ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികളുടെ നിലപാടിനെ എതിര്‍ക്കണം. എന്നാല്‍, ന്യായമായ കാര്യത്തിനാണെങ്കില്‍ അന്വേഷണ ഏജന്‍സികളോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്സിനെ എതിര്‍ക്കുന്ന ഒറ്റക്കാരണം കൊണ്ടാണ് പോപുലര്‍ ഫ്രണ്ടിനെതിരേ സംഘപരിവാര്‍ ഭരണകൂടം മുഴുവന്‍ സംവിധാനങ്ങളുമായി രംഗത്തുവരുന്നത്.


എന്നാല്‍, സംഘപരിവാര അജണ്ടകള്‍ക്കെതിരായ സമരത്തില്‍ പോപുലര്‍ ഫ്രണ്ട് എപ്പോഴും മുന്നില്‍തന്നെ ഉണ്ടാവുമെന്നും കരമന അഷ്‌റഫ് മൗലവി പറഞ്ഞു. പോപുലര്‍ ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ നാസര്‍ ബാഖവി അല്‍ ഖാസിമി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ്, പോപുലര്‍ ഫ്രണ്ട് എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ ഹുസൈര്‍, സെക്രട്ടറി എം എച്ച് ഷിഹാസ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ എം ഷമ്മാസ് എന്നിവര്‍ സംസാരിച്ചു.

Tags: