പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: നിക്ഷേപകര്‍ക്ക് 2000 കോടിയുടെ നഷ്ടമെന്ന് പോലിസ്

പരാതികള്‍ കൂടിയതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഉടമ കോടതിയില്‍ പാപ്പര്‍ ഹര്‍ജിയും കൊടുത്തിട്ടുണ്ട്.

Update: 2020-08-27 14:55 GMT

കോന്നി: വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് അടച്ച് പൂട്ടി ഉടമയും കുടംബവും മുങ്ങിയതോടെ നിക്ഷേപകര്‍ക്ക് ഏകദേശം 2000 കോടിയോളം രൂപ നഷ്ടമുണ്ടായിട്ടുണ്ടെന്ന് പത്തനംതിട്ട എസ്പി കെ ജി സൈമണ്‍. പരാതികള്‍ കൂടിയതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഉടമ കോടതിയില്‍ പാപ്പര്‍ ഹര്‍ജിയും കൊടുത്തിട്ടുണ്ട്. പത്തനംതിട്ടയ്ക്ക് അകത്തും പുറത്തുമായി 274 ശാഖകളാണുള്ളത്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വന്ന സ്ഥാപനമായിരുന്നുവെങ്കിലും പെട്ടെന്നുണ്ടായ പ്രതിസന്ധിയാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.

ഉടമകളായ ഇണ്ടിക്കാട്ടില്‍ റോയ് ഡാനിയേലും ഭാര്യ പ്രഭ ഡാനിയേലുമടങ്ങുന്ന കുടുംബം വകയാറില്‍താമസിച്ചു വരികയായിരുന്നു. എന്നാല്‍, രണ്ടാഴ്ച മുമ്പ് വകയാറിലെ ആസ്ഥാനം അടച്ച് കുടുംബം സ്ഥലം വിട്ടു. നിക്ഷേപകരുടെ പരാതിയില്‍ പോപ്പുലര്‍ ഫിനാന്‍സ് ഡയറക്ടര്‍ ഇണ്ടിക്കാട്ടില്‍ റോയി ഡാനിയേല്‍, ഭാര്യ പ്രഭ ഡാനിയേല്‍ എന്നിവര്‍ക്കെതിരേ കോന്നി പോലിസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേരളത്തിന് പുറമെ വിദേശ മലയാളികളുടെ ഇടയിലുമായി ഏകദേശം 1500ലേറെ നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കാനുണ്ടെന്നാണ് കണക്കാക്കുന്നത്.

ആസ്ഥാനം അടച്ചതോടെ മറ്റ് ശാഖകളും പൂട്ടിക്കൊണ്ടിരിക്കുകയാണ്. പണം തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട് നിക്ഷേപകര്‍ എത്തിയതോടെയാണ് ഓഫിസ് അടച്ച് ഇവര്‍ സ്ഥലം വിട്ടത്. നിലവിലെ സാഹചര്യത്തില്‍ പണം മുഴുവന്‍ തിരിച്ച് കൊടുക്കാനുള്ള സാഹചര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഇവരുടെ മറ്റ് സ്ഥാപനങ്ങളെ കുറിച്ചും അന്വേഷണം നടത്തി വരികയാണെന്നും കെ.ജി സൈമണ്‍ ചൂണ്ടിക്കാട്ടി. പതിനായിരം രൂപ മുതല്‍ 80 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയവരുണ്ട്.

വീട് പണി, വിവാഹം, വാര്‍ദ്ധക്യകാല വരുമാനം എന്നിവയെല്ലാം ലക്ഷ്യം വെച്ചാണ് പലരും നിക്ഷേപം നടത്തിയത്. ഇവരെല്ലാം വലിയ ആശങ്കയിലാണ്. കഴിഞ്ഞ മാസം വരെ പലിശ കൃത്യമായി നല്‍കിയിരുന്നുവെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നുവെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ തുക നിക്ഷേപിച്ചവരാണ് ആദ്യം പരാതിയുമായി എത്തിയത്. വന്‍ തുക നിക്ഷേപിച്ചവര്‍ പലരും പരാതിയുമായി ഇതുവരെ രംഗത്തെത്തിയിട്ടില്ല. 

Tags: