പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ തെളിവെടുപ്പ്; പ്രതികളെ കൂകിവിളിച്ച് നിക്ഷേപകർ

പോപ്പുലർ ഫിനാൻസിന്റെ ബംഗളൂരുവിലെ ബ്രാഞ്ചുകളിൽ നിക്ഷേപിച്ച 200 കോടി രൂപയോളം നഷ്ടപ്പെട്ടെന്ന പരാതിയുമായി മലയാളികൾ ഉൾപ്പടെ നിരവധിപേർ പരാതി ബംഗളൂരു പോലിസിൽ പരാതി നൽകി.

Update: 2020-09-08 09:15 GMT

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ പോലിസ് തെളിവെടുപ്പ് തുടങ്ങി. സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ വകയാറിലെ വീട്ടിലാണ് അന്വേഷണം സംഘം ആദ്യം പരിശോധന നടത്തിയത്. തെളിവെടുപ്പ് നടക്കുന്ന വിവരമറിഞ്ഞ് നിക്ഷേപകരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളായ റോയി ഡാനിയൽ, പ്രഭ തോമസ്, റിനു മറിയം, റീബാ മേരി എന്നിവരെയും തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചു. റിമാന്റിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ കിട്ടിയത്. അതേസമയം, കേസിൽ അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് പോലിസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് സിബിഐക്ക് വിടണമെന്ന ഹരജിയിൽ കോടതി പോലിസിന്റെ വിശദീകരണം തേടിയിരുന്നു. ഇതിനെത്തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്

രാവിലെ 11 മണിയോടെ പ്രതികളെ തെളിവെടുപ്പിനായി വകയാറിലെത്തിച്ചു. പോപ്പുലറിന്റെ ശാഖകൾ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പും പണം എവിടേക്ക് വക മാറ്റിയെന്ന് കണ്ടെത്തുകയുമാണ് പോലിസിന്റെ പ്രധാന ലക്ഷ്യം. തെളിവെടുപ്പിനായി പ്രതികളെ എത്തിച്ച സമയത്ത് നിക്ഷേപകർ കൂകി വിളിച്ചു. പ്രതികളെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയപ്പോൾ നിക്ഷേപകർ ഇവർക്ക് നേരേ ആക്രോശിച്ചു. കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയാണെന്നും മുഴുവൻ തിരികെ കിട്ടണമെന്നുമായിരുന്നു നിക്ഷേപകർ ഉറക്കെ വിളിച്ചുപറഞ്ഞത്. രഹസ്യ ബാങ്ക് ഇടപാടുകൾ, ആസ്തികൾ തുടങ്ങിയവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കാനാണ് വകയാറിലെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നത്.

അതേസമയം പോപ്പുലർ ഫിനാൻസിന്റെ ബംഗളൂരുവിലെ ബ്രാഞ്ചുകളിൽ നിക്ഷേപിച്ച 200 കോടി രൂപയോളം നഷ്ടപ്പെട്ടെന്ന പരാതിയുമായി മലയാളികൾ ഉൾപ്പടെ നിരവധിപേർ പരാതി ബംഗളൂരു പോലിസിൽ പരാതി നൽകി. സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പോലിസ് നൽകുന്ന വിവരം. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് ഭൂമി ഇടപാടുകളുണ്ട്. ഇതുസംബന്ധിച്ച രേഖകൾ കണ്ടെടുക്കാനും വിശദമായ അന്വേഷണത്തിനും പോലിസ് സംഘം ഇവിടങ്ങളിലേക്ക് പോകും. ഓസ്ട്രേലിയയിൽനിന്ന് പഴയ കംപ്യൂട്ടറുകൾ ഇറക്കുമതി ചെയ്ത് വിൽപന നടത്തിയതിലൂടെയാണ് തട്ടിപ്പിന്റെ ആസൂത്രണം തുടങ്ങിയതെന്നാണ് വിലയിരുത്തൽ. ഈ ഇടപാടുകളിലൂടെ ആറ് കോടി രൂപയോളം പ്രതികൾ നേടി. ഇതിനുപിന്നാലെയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടമായ എൽഎൽപി കമ്പനികൾ രൂപീകരിച്ചത്.

Tags: